രാഹുല്‍ജിക്ക് വയനാട്ടില്‍ മത്സരിച്ചൂടെ? രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇങ്ങനെ

സൗഹൃദ സംഭാഷണത്തിനിടെയില്‍ പകുതി കാര്യവും പകുതി തമാശയുമായാണ് രമേശ് ചെന്നിത്തല ചോദ്യം ഉന്നയിച്ചത്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ ആരു മത്സരിക്കുമെന്ന കാര്യത്തില്‍ ദിവസങ്ങളായി അഭിപ്രായ ഭിന്നത നില നില്‍ക്കുകയാണ്. പല പേരുകളും ഉയര്‍ന്ന് വന്നു.അതിനിടയില്‍ വിടി ബല്‍റാം എംഎല്‍എയെ പോലെയുള്ള കുറച്ച് പേര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിച്ചൂടെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു.

അതിനിടയില്‍ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സാക്ഷി നിര്‍ത്തി രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിച്ചൂടെയെന്ന് ആരാഞ്ഞു. സൗഹൃദ സംഭാഷണത്തിനിടെയില്‍ പകുതി കാര്യവും പകുതി തമാശയുമായാണ് രമേശ് ചെന്നിത്തല ചോദ്യം ഉന്നയിച്ചത്. വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ കേരളത്തിലും കര്‍ണ്ണാടകയിലും അതിന്റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

തമാശ കലര്‍ന്ന ചോദ്യത്തിന് അല്‍പ്പം ഗൗരവത്തിലാണ് രാഹുല്‍ മറുപടി നല്‍കിയത്. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുല്‍ പറഞ്ഞു. പക്ഷേ ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിലാണ് തന്റെ ശ്രദ്ധ മുഴുവനെന്നും അമേഠിയില്‍ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുല്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മേല്‍ പിന്നെ കൂടുതല്‍ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. നേരത്തെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി കര്‍ണ്ണാടകത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Exit mobile version