പുല്‍വാമ പ്രസ്താവന: സിദ്ധുവിന് രാജ്യ താല്‍പര്യത്തേക്കാള്‍ വലുത് ഇമ്രാന്‍ ഖാനുമായുള്ള സൗഹൃദമാണെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ അനുകൂല പ്രസ്താവന നടത്തിയ പഞ്ചാബ് മന്ത്രി നവ്ജോത് സിങ്ങ് സിദ്ധുവിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സിദ്ധുവിന് രാജ്യതാല്‍പര്യത്തെക്കാള്‍ വലുത് വ്യക്തി താല്‍പര്യമാണെന്നും കെജരിവാള്‍ ആരോപിച്ചു. ഇന്ത്യയുടെ നന്മയെക്കാള്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ്ങ് സിദ്ധുവിന് മുഖ്യം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള ബന്ധമാണെന്നായിരുന്നു കെജരിവാളിന്റെ പ്രസ്താവന.

ജയ്ഷെ മുഹമ്മദ് നടത്തിയ അക്രമത്തെക്കുറിച്ചുള്ള സിദ്ധുവിന്റെ പരാമര്‍ശം പൊതു വികാരം വ്രണപ്പെടുത്തിയതായും കെജരിവാള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘സിദ്ധുവിന് രാജ്യത്തെക്കാള്‍ പ്രാധാന്യം ഇമ്രാന്‍ ഖാനുമായുള്ള സൗഹൃദമാണെന്ന് തോന്നുന്നു’- കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുല്‍വാമ ആക്രമണം ഭീരുത്വപരമായ ഒരു സംഭവമാണെന്നും, എന്നാല്‍ ഒരു കൂട്ടം ആളുകളുടെ ചെയ്തികള്‍ക്ക് ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമായിരുന്നു സിദ്ധുവിന്റെ നിലപാട്. ഇത് പാകിസ്താനെ ന്യായീകരിക്കുന്നതാണെന്ന് ആരോപിച്ച് സിദ്ധുവിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു സിദ്ധുവിന്റെ വിശദീകരണം.

Exit mobile version