ഇനി താരങ്ങളെ ഇറക്കിയുള്ള കളിമാത്രം! ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ്‌ഗോപിയും ടിപി സെന്‍കുമാറും;മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാനും നീക്കം

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കവും കുറിക്കും.

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേല്‍ക്കാനൊരുങ്ങി ബിജെപിയുടെ തിരക്കിട്ട ശ്രമങ്ങള്‍. അതേസമയം, മോഡി എത്തുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല ചര്‍ച്ചകളും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കവും കുറിക്കും.

ഇത്തവണ താരങ്ങളെ ഇറക്കി കളംപിടിക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതിനായി, പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കാനാണ് ബിജെപിയിലെ തിരക്കിട്ട നീക്കങ്ങള്‍. ശബരിമല യുവതീപ്രവേശത്തിലെ ഇടപെടലുകള്‍ മുതലെടുക്കുന്ന തരത്തിലായിരിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ, വീണ്ടും പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മോഹന്‍ലാലിനെ രാജ്യസഭാംഗം ആക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

നിലവില്‍ എംപിയായ നടന്‍ സുരേഷ്ഗോപി, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയരുന്നത്. ഇപ്പോള്‍ മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കില്‍ ഇത് നടക്കില്ല.

അവസാനശ്രമമെന്ന നിലയില്‍ ദേശീയതലത്തില്‍നിന്ന് മോഹന്‍ലാലിനുമേല്‍ സമ്മര്‍ദ്ദമുണ്ടാകാമെന്നും നേതാക്കള്‍ പറയുന്നു. രാജ്യസഭാംഗമായി സുരേഷ്ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തെക്കന്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചര്‍ച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. കൂടുതല്‍ ശ്രദ്ധ തിരുവനന്തപുരത്തായിരിക്കും.

എല്ലാ മണ്ഡലങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്ന് പാര്‍ട്ടി പറയുമ്പോഴും കൂടുതല്‍ സ്വാധീനമുള്ളതും അതീവ ശ്രദ്ധനല്‍കേണ്ടതുമായ മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്നാമതാണ് തിരുവനന്തപുരം. പത്തനംതിട്ടയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. മണ്ഡലങ്ങളുടെ ചുമതലക്കാരില്‍ ആര്‍എസ്എസിനോട് അടുത്തുനില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.

അതേസമയം, സ്ഥാനാര്‍ഥികളെ നിശ്ചയിച്ചില്ലെന്നും കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു.

Exit mobile version