‘എക്‌സ്‌പെൻസീവ് ഗവർണർ’; അതിരുകടന്ന് കേരളാ ഗവർണറുടെ ചെലവ്; 12 കോടി നീക്കിവെച്ചിട്ട് ചെലവാക്കിയത് 13.2 കോടി; ഈ വർഷവും കുതിച്ചുയർന്ന് ബില്ല്

തിരുവനന്തപുരം: സംസ്ഥാന ഗവർണറുടെ ചെലവ് അതിരുകടക്കുന്നെന്ന് സൂചന. രാജ്ഭവൻ ആവശ്യപ്പെട്ട തുകയിൽ ഒരു പൈസ പോലും കുറയ്ക്കാതെ തയ്യാറാക്കിയ ബജറ്റും കവിഞ്ഞ് പണം ചെലവാക്കുകയാണ് ഗവർണറെന്ന് കണക്കുകൾ കാണിക്കുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ നാലര മാസം ബാക്കി നിൽക്കെ തന്നെ പല ചെലവുകളും ബജറ്റിനെ മറികടന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഗവർണറുടെ യാത്രാബത്തയ്ക്കായി 10 ലക്ഷം രൂപയാണു ബജറ്റിലുള്ളത്. എന്നിലിപ്പോൾ തന്നെ ചെലവായ ഇനത്തിൽ 15 ലക്ഷം രൂപ ഗവർണർക്കു അനുവദിച്ചിട്ടുണ്ട്. ഗവർണർ തുടർച്ചയായി ഡൽഹിക്കു പോകുന്നതിനാലാണ് ഈ യാത്രാച്ചെലവ് കുത്തനെ കൂടാൻ കാരണം.

മുൻ ഗവർണർമാർ ഇത്തരത്തിൽ യാത്ര ചെയ്യാറില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ചികിത്സയ്ക്കായി 1.75 ലക്ഷം രൂപയാണു മാറ്റിവച്ചിരുന്നതെങ്കിലും 4 ലക്ഷം രൂപ ഇതുവരെ നൽകിയെന്നാണ് കണക്കെന്ന് മനോരമ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 12 കോടിയാണു ഗവർണറുടെ ചെലവിനായി ബജറ്റിൽ നീക്കിവച്ചത്. എന്നാൽ, ചെലവായത് 13.20 കോടിയായിരുന്നു. ഇത്തവണ 12.52 കോടിയാണ് ബജറ്റ് അടങ്കൽ ഇതിൽ 6.70 കോടി ചെലവായി.

ALSO READ-‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു’; ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് കാളിദാസും തരിണിയും

അവസാന മാസങ്ങളോടെ ബില്ലുകൾ കൂട്ടത്തോടെ എത്തുമ്പോൾ ചെലവു പ്രതീക്ഷിച്ചിടത്തു നിൽക്കില്ലെന്നാണ് കണക്കുകൂട്ടലുകൾ.അതേസമയം, ഇതുവരെ ഏതെങ്കിലും ആവശ്യത്തിനു പണം കിട്ടിയില്ലെന്നു രാജ്ഭവനിൽ നിന്നു പരാതി ലഭിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദമാക്കി,

Exit mobile version