വീണ്ടും അധികാരത്തില്‍ എത്താന്‍ വര്‍ഗ്ഗീയ കലാപം തന്നെയാണ് ബിജെപിയുടെ മുഖ്യലക്ഷ്യം; അതിനായി പശു രാഷ്ട്രീയവും ഉയര്‍ത്തും: മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: അധികാരത്തിനായി വര്‍ഗ്ഗീയ കലാപത്തെ തന്നെയാണ് ബിജെപി ആശ്രയിക്കുക എന്ന കുറ്റപ്പെടുത്തലുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

വര്‍ഗീയ കലാപം ഉണ്ടാക്കുക എന്നത് തന്നെയാണ് വീണ്ടും അധികാരത്തിലെത്താനുള്ള ബിജെപിയുടെ പ്രധാന ലക്ഷ്യം. അധികാരത്തിലെത്താനായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ കലാപമുണ്ടാക്കി ജനങ്ങളെ വേര്‍തിരിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് കട്ജു പറഞ്ഞു.

സവര്‍ണ ഹിന്ദുക്കളാണ് ബിജെപിയുടെ വോട്ട് ബാങ്ക്. ഇന്ത്യയില്‍ ഇരുപത് ശതമാനത്തോളം മാത്രം വരുന്ന ഈ വിഭാഗത്തിന്റെ വോട്ടുകൊണ്ട് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് രാജ്യത്ത് കലാപമുണ്ടാക്കി ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്.

മഅ്ദിന്‍ അക്കാദമിയുടെ വൈസനീയം സമാപന സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യ: ഭാവിയുടെ വിചാരങ്ങള്‍’ വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വികസന മുന്നേറ്റങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ബിജെപി രാമജന്മഭൂമിയുടെയും പശുവിന്റെയും പേര് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഔറംഗസേബിനുശേഷം ഒന്നാം സ്വാതന്ത്ര്യസമരംവരെയുള്ള കാലഘട്ടമായിരുന്നു ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമായി വിശേഷിപ്പിച്ചതെങ്കില്‍ അതിനേക്കാള്‍ ഭയാനകമായ കാലഘട്ടത്തിലേക്കാണ് ഇന്ത്യ പോകുന്നത്.

പ്രാദേശിക പാര്‍ടികള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ശക്തിയാകുമെന്നും ബിജെപിയും കോണ്‍ഗ്രസും 125 സീറ്റ് വീതം മാത്രമേ നേടുകയുള്ളൂവെന്നും കട്ജു പറഞ്ഞു.

Exit mobile version