മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

യുവ എംഎല്‍എമാര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആദ്യപ്രഹരം.

തിരുവനന്തപുരം: പുതിയതായി ചുമതല ഏറ്റെടുത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നു. യുവ എംഎല്‍എമാര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആദ്യപ്രഹരം. പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് വരാതെ മുങ്ങിയ എംഎല്‍എമാരോട് എഐസിസി നിര്‍ദ്ദേശ പ്രകാരം വിശദീകരണം തേടി നേതാക്കളെ മുഴുവന്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ് മുല്ലപ്പള്ളി.

ആരും പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. അതേസമയം നാവായിക്കുളം തദ്ദേശ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡിസിസിക്ക് കാരണം കാണിക്കല്‍ നോട്ടീസും അദ്ദേഹം അയച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് ഇനി പഴയ നയം ആവശ്യമില്ലെന്നും അച്ചടക്കമാണ് പാര്‍ട്ടിക്ക് വേണ്ടതെന്ന ഓര്‍മപ്പെടുത്തലാണ് മുല്ലപ്പള്ളി നല്‍കുന്നത്. അധികാര ദല്ലാളന്‍മാരെ പാര്‍ട്ടിക്ക് വേണ്ടെന്നും പ്രവര്‍ത്തിക്കാത്തവര്‍ പുറത്തുപോകുമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

ആരെയും ചുമന്ന് നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനിന് ഇല്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരീനാഥന്‍ എംഎല്‍എയെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. റാഫേല്‍ അഴിമതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് നേതാക്കള്‍ മുങ്ങിയത്. യുഡിഎഫ് രണ്ട് പതിറ്റാണ്ടായി വിജയിച്ച് വരുന്ന നാവായിക്കുളം പഞ്ചായത്ത് വാര്‍ഡില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു ഉണ്ടായത്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇത് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

നാവായിക്കുളത്ത് ഒരുപാട് ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി പറയുന്നു. ഒക്ടോബര്‍ 15ന് പാര്‍ട്ടി സമ്മേളനം നടക്കുന്നുണ്ട്. ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അതില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version