‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല’ എന്നും പറഞ്ഞ് തോളില്‍ കൈയ്യിട്ടു; മാധ്യമപ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറി; മീ ടൂ വില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മുകേഷിനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു.

കൊല്ലം: എംഎല്‍എയും നടനുമായ മുകേഷിനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. 19 വര്‍ഷം മുമ്പ് മുകേഷ് മോശമായി പെരുമാറിയെന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ അതേ കാലയളവില്‍ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഷാജി ജോസഫാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല എന്ന് മുകേഷ് പറയുകയും ഒടുവില്‍ തോളില്‍ കൈയിട്ടെന്നുമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാജി ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്നാണ് നടനും എംഎല്‍എയുമായ മുകേഷ് പ്രതികരിച്ചിരുന്നത്. ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ലെന്നാണ് മുകേഷ് പറഞ്ഞത്. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

Exit mobile version