ഭൂരിപക്ഷത്തിന് വിവരാവകാശവും തൊഴിലവകാശവും ഒന്നും ഇല്ലാതിരിക്കലാണ് പുതിയ കാലത്തെ ജനാധിപത്യം

ഒരു ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ മാത്രം നിയമങ്ങളാവുകയാണ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിശേഷണം ഇടക്കിടെ എടുത്തണിയുന്ന രാജ്യമാണ് നമ്മുടേത്. ആ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്ത് കൈവരിച്ച ഒരു പ്രധാന നേട്ടമായിരുന്നു വിവരാവകാശ നിയമം. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് അറിയേണ്ട വിവരങ്ങളെല്ലാം രാജ്യത്തെ പരമാധികാരികളായ പൊതുജനത്തിന് അറിയാന്‍ അവകാശം നല്‍കുന്ന വിവരം. എന്നാലിപ്പോള്‍ ഈ നിയമത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഭേദഗതി ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റ് പാസാക്കി. സര്‍ക്കാരിന് കൃത്യമായ ഭൂരിപക്ഷമുള്ള ലോക്‌സഭ മാത്രമല്ല, ഇല്ലാത്ത രാജ്യസഭയും ആ ഭേദഗതി പാസാക്കി.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, വേതനം എന്നിവ തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നതാണ് പുതിയ ഭേദഗതി. പ്രതിപക്ഷം ശക്തമായി ഈ ഭേദഗതിയെ എതിര്‍ത്തുവെങ്കിലും ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് നിഷ്പ്രയാസം അത് പാസാക്കിയെടുക്കാന്‍ കഴിഞ്ഞു. ബില്‍ പരിഗണനയ്‌ക്കെടുത്തപ്പോള്‍ മുതല്‍ രാജ്യസഭ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിന് വേദിയായി. ബില്‍ കീറിയെറിഞ്ഞതും കയ്യാങ്കളി നടത്തി വോട്ടെടുപ്പ് തടസപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നാടകീയ രംഗങ്ങള്‍ രാജ്യസഭയില്‍ അരങ്ങേറി. വിവരാവകാശ നിയമഭേദഗതി ബില്‍ സിലക്ട് കമ്മറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ പ്രതിഷേധം ആളിക്കത്തി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭ വിട്ടിറങ്ങി. സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളി. ലോക്‌സഭ പാസാക്കിയ വിവരാവകാശ നിയമഭേദഗതി ബില്‍ ശബ്ദവോട്ടൊടെ രാജ്യസഭയും പാസാക്കി.

കേവലം ഒരു ബില്‍ പാസ്സാക്കിയെടുത്തു എന്നതല്ല ഇവിടത്തെ പ്രശ്‌നം. വിവരാവകാശ നിയമം ദുര്‍ബലമാക്കാനും വിവരാവകാശ കമ്മീഷന്റെ ഭരണഘടനപദവി ഇല്ലാതാക്കാനുമാണ് ഈ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമത്തില്‍ മാറ്റം വരുന്നതോടെ വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിയന്ത്രിക്കുന്ന സര്‍ക്കാരിനെതിരെയുള്ള എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിടാന്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും ഒന്ന് ആലോചിക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളോട് ഈ സര്‍ക്കാരിന്റെ സമീപനമെന്തെന്ന് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടതാണല്ലോ.

നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ ഉയര്‍ന്ന തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ ഒന്നൊന്നായി ക്ലീന്‍ചിറ്റുകള്‍ നല്‍കുകയും ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സമാന ആരോപണങ്ങളില്‍ നടപടിയെടുക്കുകയും ചെയ്ത ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ ഒന്നും ചെയ്യാനാവാതെ കയ്യും കെട്ടി നോക്കിയിരിക്കേണ്ടി വന്ന ജനാധിപത്യ ജനതയാണ് നമ്മള്‍. പ്രധാനമന്ത്രിയ്ക്ക് പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാകത്തില്‍ ഭരണകക്ഷിയുടെ റാലിയുടെ സമയം കണക്കാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംസ്ഥാനത്തെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഒരേ ദിവസം നടന്ന തെരഞ്ഞെടുപ്പ് സാങ്കേതികമായി രണ്ടാണെന്ന് പ്രഖ്യാപിച്ച് നടത്തുക തുടങ്ങിയ കലാപരിപാടികളും ഈ ജനാധിപത്യ രാജ്യം കണ്ടു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയുമൊക്കെ വിരമിച്ചതിനു ശേഷം വ്യാപകമായി പല ഭരണഘടനാ സ്ഥാപനങ്ങളുടെയും തലപ്പത്ത് നിയമിച്ച് നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമൊക്കെ കൃത്യമായ സന്ദേശം ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഇപ്പോഴിതാ സര്‍ക്കാരിന് കൃത്യമായി നിയന്ത്രണം ഏര്‍പ്പെടുത്താവുന്ന രീതിയില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് മൂക്കൂകയറിട്ടിരിക്കുന്നു. ഈ ഭേദഗതി പാസ്സാക്കലില്‍ മറ്റൊരു വലിയ ആശങ്കാജനകമായ സന്ദേശം കൂടിയുണ്ട്. നേരത്തെ ഇത്തരം ജനവിരുദ്ധ – ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ പ്രതിപക്ഷം തടഞ്ഞു നിര്‍ത്തിയിരുന്നത് രാജ്യസഭയിലായിരുന്നു. എന്നാലിപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്ത വിവരാവകാശ നിയമഭേദഗതി രാജ്യസഭയിലും പാസാക്കിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. ചെറിയ കാര്യമല്ലത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള നടപടികള്‍ ഇനിയും തുടര്‍ച്ചയായി വരാനുണ്ട്. അതെല്ലാം രാജ്യസഭയില്‍ കൂടി പാസാക്കിയെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയും എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ടിഡിപിയുടെ എംപിമാരെ ചാക്കിട്ടു പിടിച്ചടക്കം രാജ്യസഭയില്‍ ഭൂരിപക്ഷത്തിലേക്കെത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ വിജയം കാണുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇനി സംസ്ഥാനങ്ങളില്‍ കുതിരക്കച്ചവടത്തിലൂടെ നേടുന്ന ഭരണത്തിന്റെയടക്കം പ്രതിഫലനം രാജ്യസഭയിലെത്തുക കൂടി ചെയ്യുന്നതോടെ ആധിപത്യം സമഗ്രമാവും.

ഈ പാര്‍ലമെന്റിലേക്കാണ് സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി വരാന്‍ പോകുന്നത്. നിലവിലുള്ള തൊഴില്‍ നിയമങ്ങളെ ഏകീകരിച്ചു കൊണ്ട് വരുന്ന ഭേദഗതി അനുസരിച്ച് ഇന്ത്യയില്‍ തൊഴിലാളികള്‍ നിരവധി വര്‍ഷങ്ങളിലെ സമരങ്ങള്‍ കൊണ്ട് നേടിയെടുത്ത അവകാശങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പോവുകയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സില്‍ തന്നെ കരാര്‍ തൊഴിലാളികളെ ഏത് മേഖലയിലും തോന്നിയ പോലെ നിയമിക്കാനും തോന്നിയ പോലെ പിരിച്ചുവിടാനും ഒക്കെ ഉള്ള അധികാരം തൊഴിലുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ നിയമഭേദഗതിയില്‍ തൊഴിലാളിയെ 14 മണിക്കൂര്‍ വരെ പണിയെടുപ്പിക്കാനും മാധ്യമ മേഖലയിലെ വേജ് ബോര്‍ഡ് ഇല്ലാതാക്കാനും ഒക്കെ നിര്‍ദേശമുണ്ട്. അതായത് കോര്‍പ്പറേറ്റുകളും അല്ലാത്തവരുമായ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഇനിമുതല്‍ എന്തും ചെയ്യാമെന്ന് സാരം. എല്ലാ മേഖലകളിലെയും തൊഴില്‍ അടിമപ്പണിയാവാന്‍ പോവുകയാണ്.

ബിഎംഎസ് അടക്കം രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും എതിര്‍ത്തിട്ടും കോര്‍പ്പറേറ്റ് താല്പര്യ പ്രകാരമുള്ള ഈ ബില്‍ സര്‍ക്കാര്‍ കൊണ്ടു വരാന്‍ പോവുകയാണ്. അക്കാര്യത്തില്‍ ധാര്‍ഷ്ട്യത്തോടെയും മര്‍ക്കട മുഷ്ടിയോടെയുമുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പുതിയ ബില്‍ നിയമമാവുന്നതോടെ ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെയൊക്കെ ചിറകരിയും. പിരിച്ചുവിടപ്പെടുന്ന തൊഴിലാളിക്ക് ഒന്നു പ്രതിഷേധിക്കാന്‍ പോലും അവകാശമുണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ രാജ്യത്ത് കോര്‍പ്പറേറ്റുകളും തൊഴിലുടമകളുമല്ല ഭൂരിപക്ഷം. പണിയെടുക്കുന്ന തൊഴിലാളിയാണ് ഭൂരിപക്ഷം. അതുപോലെ വിവരം മറച്ചുവെക്കുന്ന അധികാരികളല്ല, വിവരം അറിയാന്‍ അവകാശമുള്ള ജനമാണ് ഭൂരിപക്ഷം. പക്ഷേ ഇവിടെ ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങളും അവകാശങ്ങളും നിയമപരമമായിത്തന്നെ അട്ടിമറിച്ച് ഒരു ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ മാത്രം നിയമങ്ങളാവുകയാണ്. അതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പുതിയ കാലത്തിന്റെ ജനാധിപത്യം

Exit mobile version