തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പിണറായിയുടെ ശൈലിയില്‍ മാത്രം ചുറ്റിത്തിരിയണമെന്ന നിര്‍ബന്ധം ആരുടേതാണ്

മനസ്സിലാവാത്ത മറ്റൊരു കാര്യമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശൈലിയോ?

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നിരവധി വിശകലനങ്ങളും വിലയിരുത്തലുകളും ഒക്കെ വന്നു കഴിഞ്ഞു. അതില്‍ നിരവധിയെണ്ണത്തില്‍ പരാമര്‍ശിച്ചു കണ്ട ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി. പിണറായി വിജയന്‍ ശൈലി മാറ്റണമെന്നും ശൈലി മാറ്റാത്തതു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ എല്‍ ഡി എഫ് തോറ്റതെന്നും പിണറായിയുടെ ശൈലി മാറിയില്ലെങ്കില്‍ ഇനി കേരളത്തില്‍ എല്‍ ഡി എഫ് ജയിക്കില്ലെന്നുമൊക്കയുള്ള മാരകമായ കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട് ചില വിശകലന വിദഗ്ധര്‍.

പിണറായി വിജയന്റെ ശൈലി ഈ വിശകലന വിദഗ്ധരൊക്കെ പറയുന്നതു പോലെ അഹന്തയും ധാര്‍ഷ്ട്യവും ധിക്കാരവുമൊക്കെ നിറഞ്ഞതാണെന്ന് വാദത്തിനു വേണ്ടി അംഗീകരിക്കാം. പക്ഷേ അങ്ങനെ അംഗീകരിക്കുമ്പോള്‍ മനസ്സിലാവാത്ത മറ്റൊരു കാര്യമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശൈലിയോ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. അവസാനം തെരഞ്ഞെടുപ്പടുത്തപ്പോള്‍ നടത്തിയ തിരക്കഥ പ്രകാരമുള്ള അഭിമുഖങ്ങളും ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത വാര്‍ത്താസമ്മേളന നാടകവും ഒഴികെ. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ഥാപ്പറുടെ അഭിമുഖത്തില്‍ തനിക്ക് ഹിതകരമല്ലാത്ത ചോദ്യം വന്നപ്പോള്‍ പ്രകോപിതനായി മൈക്ക് ഊരി എഴുന്നേറ്റ് പോകുന്ന നരേന്ദ്രമോഡിയുടെ ദൃശ്യങ്ങള്‍ ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ടല്ലോ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം മുതല്‍ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ക്രുദ്ധനായി നോക്കി മറുപടി പറയാതെ കടന്നു പോകുന്ന നരേന്ദ്രമോഡി ഇപ്പോഴും അഹമ്മദാബാദിലെയും ഡല്‍ഹിയിലെയുമൊക്കെ മാധ്യമ പ്രവര്‍ത്തകരുടെ ഓര്‍മകളിലുണ്ട്. പ്രധാനമന്ത്രിയായ ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കൊന്നും അങ്ങനെ ചോദ്യങ്ങളുമായി മുന്‍പിലേക്ക് ചെല്ലാനും കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗങ്ങളില്‍ പ്രധാന തീരുമാനങ്ങളുണ്ടാവുമ്പോള്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. പ്രധാന വിഷയങ്ങളുണ്ടാവുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കാറുമുണ്ട്. എന്തിനധികം പറയുന്നു. ശൈലിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതു തന്നെ മുഖ്യമന്ത്രിയോട് നേരിട്ടാണല്ലോ. പ്രധാനമന്ത്രിയോട് അങ്ങനെയൊരു ചോദ്യം നേരിട്ട് ചോദിക്കുന്ന കാര്യം ഇന്ത്യയിലെ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആലോചിക്കാനാവുമോ. അപ്പോള്‍ ചോദ്യം ഇത്രേയുള്ളൂ. മുഖ്യമന്ത്രിയുടെ ശൈലിയാണ് എല്‍ ഡി എഫിനെ തോല്‍പിച്ചതെങ്കില്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടി ഇന്ത്യയില്‍ പച്ച തൊടാനേ പാടില്ലായിരുന്നല്ലോ. പക്ഷേ റിസള്‍ട്ട് അതിന് നേരെ വിപരീതമല്ലേ. ഇനി ഇന്ത്യയുടെ മറ്റിടങ്ങളിലെ ജനസമൂഹത്തിന്റെ മാനസികാവസ്ഥ കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ് എന്നുതന്നെ വെക്കാം. എങ്കില്‍ത്തന്നെ കേരളത്തിലെങ്കിലും അവര്‍ക്ക് വോട്ടു കുറയേണ്ടതല്ലേ. പക്ഷേ അങ്ങനെയല്ലല്ലോ ഉണ്ടായത്. കേരളത്തിലും ബി ജെ പിയ്ക്ക് വോട്ടു കൂടി. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചതും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചതും ഒക്കെ ഇതേ ശൈലിയുള്ള പിണറായി വിജയന്‍ തന്നെയായിരുന്നല്ലോ.

ഇനി മറ്റൊരു വിഷയമുണ്ട്. ഈ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ ഏറ്റവും പ്രധാനമായി പ്രവര്‍ത്തിച്ച രാഷ്ട്രീയം. ബി ജെ പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ കോണ്‍ഗ്രസ് മാത്രമാണ് ഏക പോംവഴിയെന്ന വ്യാപകമായ പ്രചാരണം. കോണ്‍ഗ്രസിനൊപ്പം ഈ പ്രചാരണം ഏറ്റെടുത്ത് ഭയചകിതരായ ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ യു ഡി എഫ് പെട്ടിയിലെത്തിച്ച ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും അടക്കമുള്ള സംഘടനകളുണ്ട്. അടുത്ത ചോദ്യം ചോദിക്കേണ്ടത് അവരെക്കൂടി നിര്‍ത്തിയാണ്. പിണറായി വിജയന് പകരം സദാസമയം പുഞ്ചിരി പൊഴിക്കുന്ന ഒരു നേതാവായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെങ്കില്‍ ഈ വോട്ടുകളൊക്കെ എല്‍ ഡി എഫിന് അനുകൂലമായി വീഴുമായിരുന്നോ. ഒരു നേതാവിന്റെ ശൈലിയുടെയും ബോഡി ലാംഗ്വേജിന്റെയുമൊക്കെ അടിസ്ഥാനത്തിലാണോ നിങ്ങളുടെ ദേശീയ രാഷ്ട്രീയ കാഴ്ചപ്പാട് രൂപമെടുക്കുന്നത്. യു ഡി എഫിനെ ജയിപ്പിച്ച പൊളിറ്റിക്കല്‍ വോട്ടുകള്‍ നിര്‍ണയിക്കപ്പെട്ടത് നേതാവിന്റെ ശൈലിയുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ പിന്നെ ഇപ്പോള്‍ ഇങ്ങനെയൊരു ചര്‍ച്ച ഉയര്‍ന്നു വരുന്നതിന്റെ സാംഗത്യമെന്താണ്.

അതില്‍ മറ്റൊരു കാര്യമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനും സിപിഎമ്മും പറഞ്ഞിരുന്നത് ബി ജെ പിയെ മാറ്റി നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന് അങ്ങനെയൊരു മേജര്‍ റോള്‍ നിര്‍വഹിക്കാനില്ലെന്നും പ്രാദേശിക പാര്‍ട്ടികളുടെയൊക്കെ സഹകരണത്തോടെ ഉണ്ടാവുന്ന ബദലില്‍ കോണ്‍ഗ്രസ് ഒരു പങ്കാളി മാത്രമായിരിക്കുമെന്നാണ്. അത് തള്ളിയാണ് മേല്‍പ്പറഞ്ഞ ആളുകളെല്ലാം കൂടി യു ഡി എഫിന് അനുകലമായ ജനവിധി കേരളത്തില്‍ സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ബദലെന്നല്ല, ശരിയായ പ്രതിപക്ഷം ആവാന്‍ പോലും കഴിവില്ലെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ പൊറാട്ടു നാടകങ്ങള്‍ക്ക് ഉത്തരം പറയാന്‍ കോണ്‍ഗ്രസ്-രാഹുല്‍ സിദ്ധാന്തത്തിന്റെ ആളുകള്‍ കൂടി ബാധ്യസ്ഥരാണല്ലോ. കുറഞ്ഞപക്ഷം ജനമനസ്സുകളിലെങ്കിലും. കാരണം ഫാസിസത്തിനെതിരായ സമരത്തില്‍ ഏറ്റവും ശക്തമായി രാജ്യത്തു തന്നെ മുന്നില്‍ നിന്നവരെയടക്കം തഴഞ്ഞാണ് അവര്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരവേല നടത്തിയത്. കേരളത്തിനകത്തും പുറത്തും. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനെന്ന പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ചെന്ന് മത്സരിച്ച് ബി ജെ പി വിരുദ്ധ പക്ഷത്തെ ദുര്‍ബലമാക്കുകയും ബി ജെ പിയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുകയു ചെയ്ത കോണ്‍ഗ്രസിന്റെ തലതിരിഞ്ഞ ബുദ്ധി വീണ്ടും ചര്‍ച്ച ചെയ്യപ്പെടും. അതിനെ അന്ന് ന്യായീകരിച്ച മുകളില്‍പ്പറഞ്ഞ ആളകളൊക്കെ വീണ്ടും വിമര്‍ശിക്കപ്പെടും. രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്ന് ഒളിച്ചോടിയതാണെന്ന ആരോപണമല്ല, വസ്തുത വീണ്ടും ഉന്നയിക്കപ്പെടും.

അപ്പോള്‍ അതെല്ലാം മാറ്റി ചര്‍ച്ച വേറൊരു ദിശയിലേക്ക് തിരിച്ചാലേ ഇതെല്ലാം വിസ്മൃതിയിലാവൂ. ഈ ഘട്ടത്തിലാണ് പിണറായി വിജയന്റെ ശൈലിയും തെരഞ്ഞെടുപ്പ് ഫലവും തമ്മിലുള്ള ബന്ധം ചര്‍ച്ചയാവുന്നത്. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്ന ആ സൈക്കോളജിയാണ് ഇവിടെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചത് എന്നു വേണം കരുതാന്‍. അതിന് ഏറ്റവും എളുപ്പം വര്‍ഷങ്ങളായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും ഒക്കെയാണല്ലോ. അതാവുമ്പോള്‍ ആ ഫ്‌ളോ കിട്ടാന്‍ പ്രയാസവുമുണ്ടാവില്ല.

ഇതിനര്‍ത്ഥം പിണറായി വിജയന്റെ ശൈലി എല്ലാം തികഞ്ഞതാണെന്നോ മാറേണ്ടതായി ഒന്നുമില്ലെന്നോ അല്ല. പിണറായി പറഞ്ഞ പല കാര്യങ്ങളും പറയേണ്ടത് അങ്ങനെയായിരുന്നില്ലെന്ന കൃത്യമായ ബോധ്യമുണ്ട്. കടക്കു പുറത്തെന്നും മാറി നില്‍ക്കങ്ങോട്ടെന്നും പറയുന്നതിനു പകരം നിങ്ങളോടിപ്പോള്‍ ഒന്നും പറയാനില്ലെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ പിന്നീട് പറയാമെന്നും ഒക്കെ പറഞ്ഞാല്‍ ഒഴിവാക്കാമായിരുന്ന പ്രശ്‌നങ്ങളായിരുന്നു അതൊക്കെ എന്ന തിരിച്ചറിവുണ്ട്. അതു കൊണ്ടു തന്നെ പലപ്പോഴും സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കുകയായരുന്നു പിണറായിയെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ഇവിടെപ്പറഞ്ഞത് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതൊന്നും ഒരു വിഷയമേ അല്ലെന്ന് വ്യക്തമായി അറിഞ്ഞിട്ടും ചര്‍ച്ചകളെ അവിടെയെത്തിക്കുന്നതിന് പിന്നിലെ ബുദ്ധിയെക്കുറിച്ചാണ്. കൃത്യമായി അവിടെത്തന്നെ ചുറ്റിത്തിരിയാനുള്ള സാഹചര്യമുണ്ടാക്കുന്നതിനെക്കുറിച്ചാണ്. അതില്‍ ഉത്തരം പറയേണ്ടവരായി ഒരാളല്ല, പലരുണ്ട്.

Exit mobile version