ഓട്ടോറിക്ഷയില്‍ കൊള്ളാനാളില്ലാത്തവര്‍ ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് കാശ്മീരില്‍ പോകുന്നതെങ്ങനെ

ഇന്ത്യയില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ വൃത്തങ്ങളുടെയും ശ്രദ്ധാ കേന്ദ്രമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാർ തടഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്ന സാധ്യത ഉപയോഗപ്പെടുത്തി കാശ്മീരിലെത്തി ഭരണകൂടം തടവിലാക്കിയിരിക്കുന്ന അവിടത്തെ എംഎൽഎയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ട സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യയിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയ വൃത്തങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. സിപിഎം വിമർശകരുടെ ഭാഷയിൽ പറഞ്ഞാൽ ലോക്സഭയിൽ ഒരു ഓട്ടോറിക്ഷയിൽ കൊള്ളാനുള്ള പ്രതിനിധികൾ മാത്രമുള്ളവരുടെ ജനറൽ സെക്രട്ടറി. ഇന്ത്യയുടെ തെക്കേ അറ്റത്ത് പൊട്ടുപോലെ ഒരു സംസ്ഥാനത്ത് മാത്രം ഭരണമുള്ളവരുടെ ജനറൽ സെക്രട്ടറി.

ഓട്ടോറിക്ഷയിൽ കൊള്ളുന്നതിനേക്കാൾ കൂടുതൽ അംഗങ്ങളുള്ള എത്ര പാർട്ടികളുടെ ജനറൽ സെക്രട്ടറിമാർ പരാജയപ്പെട്ടിടത്താണ് സീതാറാം യെച്ചൂരി കടന്നു ചെന്നതെന്ന് പരിശോധിക്കുമ്പോൾ തെക്കേ അറ്റത്ത് പൊട്ടു പോലെ ഉള്ളവരുടെ ഓട്ടോറിക്ഷയുടെ പുള്ളിങ്ങും പിക്കപ്പും ഓർത്ത് അദ്ഭുതപ്പെടേണ്ടി വരും എന്നു മാത്രം. കാശ്മീരിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ നടപടികളുടെ പിന്നിൽ വർഗീയ ധ്രുവീകരണ അജണ്ടയായിരുന്നുവെന്ന് ആർക്കും മനസ്സിലാവും. അതിന് സ്വീകരിച്ച വഴിയാവട്ടെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമെന്നു മാത്രമല്ല, ജനാധിപത്യ ധ്വംസനത്തിന്റേതായിരുന്നു. താഴ്‌വരയിലെ ജനങ്ങളെയും അവിടുത്തെ നേതാക്കളെയുമെല്ലാം ബന്ദികളാക്കി. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേതൊഴികെയുള്ള രാഷ്ട്രീയ നേതാക്കളെല്ലാം തടങ്കലിൽ. അവരിൽ മുൻമുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിമാരും നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റംഗങ്ങളും എല്ലാം തടങ്കലിൽ.

ഒന്നോർത്തു നോക്കൂ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്നയിടത്ത് ഒരു സംസ്ഥാനത്തെ ജനങ്ങളെയും അവർ തെരഞ്ഞെടുത്ത അവരുടെ ജനപ്രതിനിധികളെയുമെല്ലാം ഭരണകൂടം ഏകപക്ഷീയമായി തടങ്കലിലാക്കി വാർത്താവിനിമയ ബന്ധങ്ങളുൾപ്പെടെ നിഷേധിക്കുന്നു. എത്ര ഭീകരമാണ് അവസ്ഥ. അങ്ങനെ കേന്ദ്ര ഭരണമുണ്ടെന്നതിന്റെ ഹുങ്കിൽ ഒരു പ്രദേശത്തെ എതിർ പക്ഷക്കാരായ ജനപ്രതിനിധികളെയാകെ പിടിച്ച് തടങ്കലിലാക്കാൻ ഒരു പാർട്ടിക്കും അതിന്റ നേതൃത്വത്തിനും ഇന്ത്യയിൽ അധികാരമുണ്ടോ. ഫാസിസ്റ്റ് വാഴ്ചക്കാലത്ത് ഇത്തരം ചോദ്യങ്ങളൊക്കെ ചോദ്യമായി മാത്രം അവശേഷിക്കും. ഒരേയൊരിന്ത്യ ഒരൊറ്റ ജനത, കാശ്മീരിൽ ഇനി ആർക്കും ഭൂമി വാങ്ങാം എന്നൊക്കെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുന്നത് എല്ലാവരും കേട്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കാകെ കാശ്മീരിലേക്ക് പ്രവേശിക്കാനുള്ള അവകാശം തടയുകയാണ് സർക്കാർ ചെയ്തത്. ഒരു വശത്ത് ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന് പറയുകയും അതോടൊപ്പം രാജ്യത്ത് അവരെ അന്യവത്കരിക്കുകയും ചെയ്യുക. ഭരണപക്ഷമെന്ന ഹുങ്കിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ തടയുക.

രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങി നിരവധി നേതാക്കളെയാണ് ശ്രീനഗറിൽ തടഞ്ഞു വെച്ച് തിരിച്ചയച്ചത്. ഒരാൾ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവും എംപിയും, മറ്റൊരാൾ കാശ്മീരിലെ തന്നെ മുൻമുഖ്യമന്ത്രിയും നിലവിൽ എംപിയും, മറ്റു രണ്ടു പേരും മുൻ എംപിമാർ. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ മുൻനിരയിൽ സ്ഥാനമുള്ള നേതാക്കൾ. അവരെയാണ് ഈ രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിൽ നിന്ന് ഭരണകൂടം തടഞ്ഞത്. കാശ്മീരിൽ നാലു തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും തടങ്കലിലാക്കിയിരുന്നു. കാശ്മീരിലെ ഭീകരതയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുകയും അവരുടെ അനിഷേധ്യ നേതാവായി മാറുകയും ചെയ്ത തരിഗാമി നിരവധി തവണ ഭീകരാക്രമണത്തിന് ഇരയാവുകയും ഒമ്പതു തവണ തലനാരിഴയ്ക്കുമാത്രം ജീവൻ തിരിച്ചു കിട്ടുകയും ചെയ്തിട്ടുള്ളയാളാണ്. തടങ്കലിലാക്കിയ തരിഗാമിയെ കാണാൻ അനുവദിക്കണമെന്ന് യെച്ചൂരി കാശ്മീർ ഗവർണർക്ക് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല.

രണ്ടു തവണ ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയയ്ക്കപ്പെട്ട സീതാറാം യെച്ചൂരി പക്ഷേ രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദുമൊക്കെ പോയ പോലെ വെറുതെ തിരിച്ചു പോകാൻ തയ്യാറായില്ല. തരിഗാമിയെ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയാണ് യെച്ചൂരി ചെയ്തത്. ഹർജി പരിഗണിച്ച കോടതി യെച്ചൂരിയ്ക്ക് കശ്മീരിൽ പോയി തരിഗാമിയെ കാണാനുള്ള അനുമതി നൽകുകയും ചെയ്തു. അങ്ങനെയാണ് പാർലമെന്റിലെ അംഗബലം കുറവുള്ള പാർട്ടിയുടെ ജനറൽ സെക്രട്ടറി രാജ്യത്തെ മാധ്യമ ലോകത്തിന്റെയും രാഷ്ട്രീയ വൃത്തങ്ങളുടെയും ജനസമൂഹത്തിന്റെയുമൊക്കെ ശ്രദ്ധാകേന്ദ്രമായത്.

ഇവിടെ യെച്ചൂരിയുടെ സന്ദർശനം കേവലം ഒരു രാഷ്ട്രീയ നേതാവ് സ്വന്തം പാർട്ടിയിലെ മറ്റൊരു നേതാവിനെ കാണാൻ പോയതിനപ്പുറം നിർണായകമാവുന്നതിന്റെ തലങ്ങൾ പലതാണ്. അതിലൊന്ന് അധികാരം ഉപയോഗപ്പെടുത്തി എതിർ രാഷ്ട്രീയത്തെ അടിച്ചമർത്താനും അവഹേളിക്കാനും നിരന്തരം ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് ഏറ്റ തിരിച്ചടിയാണ്. രണ്ട് ഇന്ത്യയുടെ ഭരണഘടന ഇവിടത്തെ ജനതയ്ക്കു മുൻപിൽ അവകാശ സംരക്ഷണത്തിനായി തുറന്നു വെക്കുന്ന സാധ്യതകളെ ഉപയോഗപ്പടുത്താനായി എന്നാണ്. ഇനിയുമുണ്ട്. കാശ്മീരിൽ പോകാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷം സീതാറാം യെച്ചൂരി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഞാൻ പോയി തിരിച്ചെത്തിയതിനു ശേഷം അവിടത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകും, അതിനു ശേഷമേ മറ്റെന്തെങ്കിലും പ്രതികരണം നടത്തൂ എന്നാണ് യെച്ചൂരി പറഞ്ഞത്.

അതായത് ഇവിടത്തെ ജനാധിപത്യം നിലനിർത്താൻ ഇപ്പോൾ ഏറ്റവും അത്യന്താപേക്ഷിതമായ കാര്യം ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയും അത് നൽകുന്ന അവകാശങ്ങളും മുറുകെപ്പിടിക്കുക എന്നതാണ്. ആ ഭരണഘടന നൽകുന്ന അവകാശങ്ങൾ മുറുകെപ്പിടിച്ച് അതിന്റെ സാധ്യതകൾ നീതിപീഠങ്ങൾ വഴിയും കഴിയാവുന്ന എല്ലാ മാർഗങ്ങളിലൂടെയും ഉപയോഗപ്പെടുത്തുക എന്നത് ഓരോ ഫാസിസ്റ്റ് വിരുദ്ധ പോരാളികളുടെയും ഉത്തരവാദിത്വവും ബാദ്ധ്യതയുമാണ്. അതിൽ തുറന്നു കിട്ടിയ വഴിയിലൂടെ നീതിപീഠത്തെ വിശ്വാസത്തിലെടുത്തു കൊണ്ട് ജനാധിപത്യ ധ്വംസനത്തിനെതിരായ പോരാട്ടം നിയമപരമായും ഭരണഘടനാപരമായും തുടരും എന്നാണ് ഈ പ്രതികരണത്തിലൂടെ യെച്ചൂരി സൂചിപ്പിച്ചത്. രാഹുലും കൂട്ടരും ശ്രദ്ധിക്കാതെ വിട്ടു പോയ വഴി.

മറ്റൊന്ന് ഇടതുപക്ഷത്തിന്റെ പ്രസക്തി ഒരു വാക്കു പോലും പറയാതെ ഉയർത്തിപ്പിടിക്കാൻ സിപിഎം ജനറൽ സെക്രട്ടറിയ്ക്ക് കഴിഞ്ഞു എന്നതാണ്. പാർലമെന്റിൽ ചരിത്രത്തിൽ ഏറ്റവും വലിയ പ്രാതിനിധ്യവും മൂന്നു സംസ്ഥാനങ്ങളിലെ ഭരണവും ഒക്കെയുള്ള സിപിഎമ്മും ഇടതുപക്ഷവുമല്ല ഇന്ന് ഇന്ത്യയിലുള്ളത്. പാർലമെന്ററി രംഗത്ത് പരിതാപകരമാണ് ഇടതുപക്ഷത്തിന്റെ അവസ്ഥയെന്നതിൽ സംശയമില്ല. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് അത് വലിയ പ്രതിസന്ധിയുമാണ്. പക്ഷേ ആ വലിയ തിരിച്ചടിയ്ക്കിടയിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുൻ നിരയിലുള്ളത് ഇടതുപക്ഷമെന്ന് ബോധ്യപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നത് ചെറിയ കാര്യമല്ല.

ഇത് സീതാറാം യെച്ചൂരിയുടെ വ്യക്തിയെന്ന നിലയിലുള്ള വിജയമല്ല. സിപിഎം തുടക്കം മുതൽ സ്വീകരിച്ചു വരുന്ന ഒരു പ്രവർത്തന ശൈലിയും സംഘടനാ സംവിധാനവുമുണ്ട്. സാംസ്‌കാരിക – സാഹിത്യ രംഗം മുതൽ നിയമ രംഗം വരെ എല്ലായിടത്തും അത് വ്യാപിച്ചു കിടക്കുന്നുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷകർക്കിടയിലെ സിപിഎം വിഭാഗത്തിനുൾപ്പെടെ ഇപ്പോഴത്തെ ഈ വിജയത്തിൽ നിർണയാകമായ പങ്കുണ്ട്. അവിടെത്തന്നെയാണ് ഇടതുപക്ഷത്തിന്റെയും അതിന്റെ സംഘടനാപരമായ കെട്ടുറപ്പിന്റെയുമൊക്കെ പ്രസക്തി വീണ്ടും വീണ്ടും ഉറപ്പിക്കപ്പെടുന്നത്. അല്ലെങ്കിൽ സുപ്രീം കോടതിയിലെ ഏറ്റവും പ്രഗല്ഭരായ അഭിഭാഷകർ സിപിഎംകാരൊന്നുമല്ല. സിറ്റിംഗിന് ലക്ഷക്കണക്കിന് ഫീസു വാങ്ങുന്ന പ്രഗല്ഭ അഭിഭാഷകരെന്ന് പേരു കേട്ടവരിൽ വലിയൊരു വിഭാഗം കോൺഗ്രസിന്റെ ഉന്നത നേതാക്കളാണ്. പക്ഷേ യെച്ചൂരിയും സിപിഎമ്മും തരിഗാമിയ്ക്കും കാശ്മീരിലെയും ഇന്ത്യയിലെയും ജനാധിപത്യത്തിനും വേണ്ടി നിയമ പോരാട്ടം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കളായ പ്രഗല്ഭ അഭിഭാഷകർ ആ കൂട്ടത്തിൽ തന്നെയുള്ള ചിദംബരത്തെ പുറത്തിറക്കാനുള്ള പോരാട്ടത്തിലാണെന്നുമാത്രം.

Exit mobile version