14ാം വയസ്സില്‍ ആദ്യ പ്രസവം.. നാല്‍പ്പത്തിമൂന്നാം വയസ്സില്‍ 21മത്തെ കുഞ്ഞിന് ജന്മം നല്‍കി..! സ്യൂ പറഞ്ഞു, ഇല്ല, ഇനി പ്രസവിക്കാനില്ല

ലങ്കാഷര്‍: ഇല്ല, ഇനി പ്രസവിക്കാനില്ല.. ഇരുപത്തൊന്നാമത്തെ പൊന്നോമനയെ കൈയ്യില്‍ ഏറ്റുവാങ്ങി സ്യൂ പറഞ്ഞ വാക്കുകളാണിവ. എന്നാല്‍ ഈ വാക്കുകളില്‍ വലിയ പുത്തരിയൊന്നുമില്ലെന്ന് കുഞ്ഞിനെ പുറത്തെടുത്ത വയറ്റാട്ടികള്‍ പറയുന്നു. കഴിഞ്ഞ പ്രസവങ്ങളിലും ഈ അമ്മ ഇതു തന്നെയാണ് പറഞ്ഞതെന്ന് പറഞ്ഞ് അവര്‍ കളിയാക്കി ചിരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സ്യൂ തന്റെ 20-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

എന്തായാലും ഈ കുടുംബം വളരെ സന്തോഷത്തിലാണ് ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥരാണ് നാല്‍പ്പത്തിമൂന്നുകാരി സ്യൂവും നാല്‍പ്പത്തേഴുകാരനായ ഭര്‍ത്താവ് നോയല്‍ റാഡ്‌ഫോഡും. ചൊവ്വാഴ്ച പിറന്ന ബോണി എന്ന പെണ്‍കുഞ്ഞിനെ കൊഞ്ചിക്കാന്‍ ചേട്ടന്മാരും ചേച്ചിമാരും മത്സരിക്കുന്നു.

14ാം വയസ്സിലായിരുന്നു സ്യൂവിന്റെ ആദ്യ പ്രസവം. കൗമാരക്കാരായ സ്യൂവും നോയലും കുഞ്ഞിനെ ദത്തു കൊടുക്കാതെ വളര്‍ത്താന്‍ തീരുമാനിച്ചു. പിന്നീട് അവര്‍ വിവാഹിതരായി. പിന്നാലെ മറ്റു മക്കളുമെത്തി. ഇതിനിടെ, ഗര്‍ഭത്തിന്റെ 23ാം ആഴ്ചയില്‍ നഷ്ടപ്പെട്ട ആല്‍ഫി എന്നു പേരിട്ട കുഞ്ഞ് ഇന്നും കുടുംബത്തിന്റെ സ്‌നേഹസ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആകെക്കൂടി 811 ആഴ്ചകളാണ് സ്യൂ ഗര്‍ഭവതിയായിരുന്നത്.

മൂത്ത മക്കളായ ക്രിസിനും സോഫിക്കും മക്കളുണ്ട്. ബേക്കറി നടത്തിയാണ് കുടുംബം ജീവിക്കുന്നത്. കൂടാതെ സര്‍ക്കാരില്‍നിന്നു ശിശുക്ഷേമത്തിനായി ഓരോ ആഴ്ചയിലും അനുവദിക്കുന്ന 170 പൗണ്ട് (ഏകദേശം 16,000 രൂപ) അവര്‍ക്ക് സഹായമാണ്.

Exit mobile version