ട്രംപിന്റെ അവകാശവാദം ശരിയെങ്കില്‍ മോഡി രാജ്യ താല്‍പര്യം ബലി കഴിക്കുകയാണ് ചെയ്തത്: നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടെന്ന അവകാശവാദം ശരിയാണെങ്കില്‍ പ്രധാനമന്ത്രി മോഡി രാജ്യതാത്പര്യം ബലികഴിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടതോടെയാണ് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ ബഹളം വെച്ചതോടെ രാജ്യസഭ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ പ്രധാനമന്ത്രി മോഡി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. അത് ശരിയാണെങ്കില്‍ രാജ്യതാല്‍പര്യത്തേയും 1972 ലെ ഷിംല കരാറിനേയുമാണ് മോഡി വഞ്ചിച്ചിരിക്കുന്നത്. ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശവാദം തള്ളിയതുകൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എന്തൊക്കെയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കാന്‍ മോഡി തയ്യാറാകണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ നേരത്തെ സ്വാഗതംചെയ്ത കോണ്‍ഗ്രസ് വിഷയത്തില്‍ പ്രധാനമന്ത്രി മോഡി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു.

Exit mobile version