കനത്ത മഴയും വെള്ളപ്പൊക്കവും; നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 88 ആയി, 32 പേരെ കാണാതായി

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതുവരെ മഴയിലും വെള്ളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 88 ആയി. 32 പേരെ കാണാതായിട്ടുമുണ്ട്. 16,520 ലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്.

2500ലധികം പേരെ ഇതിനോടകം രക്ഷപ്പെടുത്തി കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ മേഖലകള്‍ വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

കാഠ്മണ്ഡുവില്‍ അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി. പ്രളയം സാരമായി ബാധിച്ച പ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ മുന്‍കരുതലെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തരായ് മേഖലയില്‍ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മിക്ക ജലാശയങ്ങളും പ്രളയത്തില്‍ മലിനമായിട്ടുണ്ട്. ഇന്നലെ മുതല്‍ നദികളിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയെങ്കിലും തുടര്‍ച്ചയായി പെയ്ത മഴയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version