‘തീ കൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്’; യുറാനിയം സംഭരണം പരിധി ലംഘിച്ച ഇറാന് മുന്നറിയിപ്പുമായി ട്രംപ്

അറിഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്. എന്തുകൊണ്ട് കളിക്കുന്നുവെന്നും അവര്‍ക്കറിയാം

വാഷിങ്ടണ്‍: വീണ്ടും ഇറാനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി യുഎസ് പ്രസിഡന്റ്. ഇറാന്‍ കളിക്കുന്നത് തീകൊണ്ടാണെന്ന് ട്രംപ് പറഞ്ഞു. 2015 ആണവ കരാര്‍ അനുവദിക്കുന്നതിലും കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിച്ചെന്ന ഇറാന്റെ വാദത്തിന് പിന്നാലെയാണ് ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

‘ഇറാനോട് കൂടുതല്‍ ഒന്നും പറയാനില്ല. അവര്‍ ചെയ്യുന്നത് എന്താണ് എന്ന് അവര്‍ക്ക് നന്നായിട്ടറിയാം. അറിഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്. എന്തുകൊണ്ട് കളിക്കുന്നുവെന്നും അവര്‍ക്കറിയാം’. അത് തീ കൊണ്ടുള്ള കളിയാണെന്നും ട്രംപ് പറഞ്ഞു.

യുറേനിയം സംഭരണ പരിധി കവിഞ്ഞതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞവര്‍ഷം ഇറാനോടൊപ്പമുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയ യുഎസ് ഇറാനുമേല്‍ എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധവും ഏര്‍പ്പെടുത്തുകയായിരുന്നു. അതേസമയം, കരാറില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്റെ നീക്കമെന്നാണ് സൂചന.

Exit mobile version