ജി-20 ഉച്ചകോടിക്ക് സമാപനം; വ്യാപാര യുദ്ധത്തില്‍ അയവ് വരുത്താന്‍ സമ്മതമറിയിച്ച് യുഎസും ചൈനയും

അടിസ്ഥാന സൗകര്യ വികസനത്തിലും, കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.

ബെയ്ജിംഗ്: ആഗോള സാമ്പത്തിക രംഗത്തെ തന്നെ പിടിച്ചുകുലുക്കുമായിരുന്ന കടുത്ത തീരുമാനങ്ങളില്‍ നിന്നും യുഎസ്എയും ചൈനയും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെ ജി-20 ഉച്ചകോടിക്ക് ജപ്പാനിലെ ഒസാക്കയില്‍ സമാപനം. ജി-20 ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. അടിസ്ഥാന സൗകര്യ വികസനത്തിലും, കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.

ജി-20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൈനയും യുഎസും തമ്മില്‍ കടുത്ത വ്യാപാര മത്സരം നിലനില്‍ക്കുന്നതിനിടെ നടന്ന കൂടിക്കാഴ്ച ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കി. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പടെ 200 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി വര്‍ധിപ്പിച്ച് 325 ബില്യണ്‍ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണി മെയ് മാസത്തില്‍ ട്രംപ് ഉയര്‍ത്തിയിരുന്നു.

മറുപടിയായി 60 ബില്യണ്‍ ഡോളര്‍ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചിരുന്നു. ഇരുരാജ്യങ്ങളുടേയും വാണിജ്യ യുദ്ധം ആഗോളസാമ്പത്തിക വളര്‍ച്ചയെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു.

Exit mobile version