മറന്നു പോയി! പൂച്ച ചെവിയും മീശയും വെച്ച് പാകിസ്താന്‍ മന്ത്രിയും സംഘവും സോഷ്യല്‍മീഡിയ ലൈവില്‍; ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി

ഗൗരവകരമായ വിഷയങ്ങള്‍ മന്ത്രിയും ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് വിശദീകരിക്കവെ മുഖത്ത് പ്രത്യക്ഷപ്പെട്ട പൂച്ചയുടെ മീശയും ചെവിയും

ഇസ്ലാമാബാദ്: പത്രസമ്മേളനം ലൈവായി സോഷ്യല്‍മീഡിയയിലൂടെ സംപ്രേക്ഷണം ചെയ്ത് നാണംകെട്ടിരിക്കുകയാണ് പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്‌രീക്-ഇ- ഇന്‍സാഫ്. ഗൗരവകരമായ വിഷയങ്ങള്‍ മന്ത്രിയും ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് വിശദീകരിക്കവെ മുഖത്ത് പ്രത്യക്ഷപ്പെട്ട പൂച്ചയുടെ മീശയും ചെവിയും കവിളിലെ പിങ്ക് കളറുമാണ് പാര്‍ട്ടിയെ നാണംകെടുത്തിയത്. സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയും ട്രോളിനുള്ള വിഷയവുമൊക്കെ ആയി മാറിയിരിക്കുകയാണ്.

ഫേസ്ബുക്ക് ഫില്‍റ്റര്‍ ഓഫ് ചെയ്യാന്‍ മറന്ന് പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ വിങ് കാണിച്ച അബദ്ധമാണ് പാര്‍ട്ടിയെ തന്നെ ഒന്നടങ്കം പ്രയാസത്തിലാക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തെഹ്‌രീക്-ഇ- ഇന്‍സാഫ് ഒഫീഷ്യല്‍ പേജില്‍ നിന്നും വീഡിയോ പിന്‍വലിച്ചു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇക്കാര്യം കണ്ട് ലോകം മുഴുവന്‍ പൊട്ടിച്ചിരിയിലുമാണ്.

പ്രൊവിന്‍ഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി യൂസഫ് ഷൗക്കത്ത് സായിയും പാര്‍ട്ടിയിലെ അംഗങ്ങളും നടത്തിയ വാര്‍ത്താസമ്മേളനമാണ് ഹാസ്യത്തിന്റെ വേദിയായത്. മന്ത്രിയുടേയും കൂടെയിരുന്ന ഉദ്യോഗസ്ഥന്റേയും മുഖത്താണ് ഓട്ടോ ഫില്‍റ്റര്‍ ഓഫാക്കാത്തതിനാല്‍ പൂച്ച മീശയും ചെവിയും പ്രത്യക്ഷപ്പെട്ടത്. സംഭവം സോഷ്യല്‍മീഡിയയില്‍ ഉടന്‍ തന്നെ വൈറലാവുകയായിരുന്നു.

ഏതായാലും വീഡിയോ ഡിലീറ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും സോഷ്യല്‍മീഡിയയിലെ സ്‌ക്രീന്‍ഷോട്ട് പ്രചാരണം തിരിച്ചടിയാവുകയായിരുന്നു.

ഒടുവില്‍ സംഭവത്തില്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫ്. സംഭവത്തെ മനുഷ്യസഹജമായ തെറ്റെന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നീക്കം ചെയ്‌തെന്നും ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ വിശദീകരണ കുറിപ്പില്‍ പാര്‍ട്ടി പറയുന്നു.

Exit mobile version