പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഇന്നുവരെ തല്ലുകൂടിയിട്ടില്ല, ഒടുക്കം റോക്കി യാത്രയായി, ഇന്ന് സ്‌പെന്‍സറിന് കൂട്ട് റോക്കിയുടെ ചിത്രമുള്ള തലയണ

രണ്ട് നായക്കളുടെ ആത്മബന്ധവും വേര്‍പാടിന്റെ നൊമ്പരവുമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. മനുഷ്യനെ പോലെ പരസ്പരം സ്‌നേഹിക്കാനും വിഷമം വരുമ്പോള്‍ കണ്ണു നിറയ്ക്കാനും ഉള്ള കഴിവ് ഇവര്‍ക്ക് ഉണ്ട്. റോക്കിയും സ്‌പെന്‍സറിന്റേയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്റെ കണ്ണു നിറയ്ക്കുന്നത്.

ബെത്തിന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളായിരുന്നു റോക്കിയും സ്‌പെന്‍സറും. നീണ്ട പത്തുവര്‍ഷം ഇരുവരും ഇണങ്ങിയും പിണങ്ങിയും ജീവിച്ചു. ഉണ്ണുന്നതും ഉറങ്ങുന്നതും കളിക്കുന്നതും എല്ലാം ഒന്നിച്ച്. എന്നാല്‍ ഇരുവരും ഇന്നുവരെ തല്ലൂടുന്നത് കണ്ടിട്ടില്ലെന്ന് ബെത്ത് പറയുന്നു. സ്വപ്നസമാനമായ ആ സൗഹൃദത്തെ കീറിമുറിച്ചു കൊണ്ടാണ് റോക്കിയുടെ വയറ്റില്‍ മുഴയുടെ രൂപത്തില്‍ ക്യാന്‍സര്‍ പടരുന്നുവെന്ന വാര്‍ത്ത ബെത്തും കുടുംബവും തിരിച്ചറിഞ്ഞത്. ചെയ്യാവുന്ന ചികിത്സകളെല്ലാം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ക്യാന്‍സര്‍ ബാധയില്‍ നിന്ന് റോക്കി മുക്തനാവില്ലെന്ന ഡോക്ടറുടെ പ്രവചനം ബെത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തന്റെ ജീവന്റെ ജീവനായ നായ വേദന തിന്നു ജീവിക്കുന്നത് കാണാന്‍ വയ്യാതെ ബെത്ത് റോക്കിയെ ദയാവധത്തിന് വിധേയനാക്കാന്‍ തീരുമാനിച്ചു. വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ റോക്കിക്ക് മേഴ്‌സി കില്ലിംഗ് നടത്തി. വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിച്ച് സ്‌പെന്‍സറിന്റെ മുറിക്കുള്ളിലെ ഷെല്‍ഫിനുള്ളില്‍ തന്നെ ചിതാഭസ്മവും സൂക്ഷിച്ചു.

തന്റെ പ്രിയ സുഹൃത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാതെ സ്‌പെന്‍സര്‍ ആകെ വിഷമിച്ചു. അവനെ കാണുന്നില്ല എന്നതിനപ്പുറം മറ്റൊന്നും സ്‌പെന്‍സര്‍ അറിഞ്ഞില്ല. സുഹൃത്തിന്റെ ഓര്‍മ പിന്നീട് സ്‌പെന്‍സറിന് ഡിപ്രഷന്റെ രൂപത്തിലെത്തി. ഒന്നും കഴിക്കാതെ ,മിണ്ടാട്ടമില്ലാതെ വല്ലാത്തൊരു നിരാശ മാത്രം അവശേഷിപ്പിച്ചു. രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ വീടിന്റെ മുക്കും മൂലയും പ്രിയ സുഹൃത്തിന്റെ ഗന്ധമന്വേഷിച്ച് നടന്ന സ്‌പെന്‍സര്‍ ബെത്തിനും കുടുംബത്തിനും വലിയ മനോവേദനക്ക് കാരണമായി.

തന്റെ വളര്‍ത്തു നായക്കായി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു ബെത്ത്. സ്‌പെന്‍സറിന് പുതിയൊരു റോക്കിയെ സമ്മാനിക്കുക അത്ര എളുപ്പമല്ലാ എന്നറിഞ്ഞ ബെത്ത് റോക്കിയുടെ ഫോട്ടോ പതിച്ച ഒരു തലയണ തുന്നിച്ചേര്‍ത്തു. ബെത്ത് പ്രതീക്ഷിച്ച പോലെ തന്നെ അത് സ്‌പെന്‍സറിനെ അങ്ങേയറ്റം സന്തോഷവാനാക്കി. ആ തലയണയും പിടിച്ചായിരുന്നു പിന്നെ നടപ്പ്. ഉണ്ണാനും ഉറങ്ങാനും ഓടാനും ആ തലയണയുടെ കൂട്ട് തേടി. റോക്കിയുടെ ചിത്രം പതിച്ച തലയണ കൊണ്ടോടുന്ന സ്‌പെന്‍സര്‍ പഴയ രീതിയിലേക്ക് തിരിച്ചുവന്നു. ആ തലയണ കെട്ടിപ്പിടിച്ചേ ഇപ്പോള്‍ സ്‌പെന്‍സര്‍ ഉറങ്ങാറുള്ളൂ.

Exit mobile version