അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്പ്; ഒരു മരണം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്പ്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഡെവന്‍ എറിസണും, ജൂനിയറായ മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് അക്രമണം നടത്തിയത്. ഗിറ്റാര്‍ കെയ്സിനുള്ളിലായിരുന്നു ഇവര്‍ പിസ്റ്റര്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ ഇവര്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഡെന്‍വറിനു 40 കിലോമീറ്റര്‍ അകലെ ഹൈലാന്‍ഡ്സ് റാഞ്ചിലെ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത് സ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസ് എത്തുകയും അക്രമികളെ കീഴ്പ്പെടുത്തുകയും മറ്റ് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. വെടിവയ്പിനു കാരണം വ്യക്തമല്ലെന്ന് ഡഗ്ലസ് കൗണ്ടി ഷെറീഫ് ടോണി സ്പര്‍ലോക് അറിയിച്ചു.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12 വരെ 1850 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. കഴിഞ്ഞ ഞായറാഴ്ച റെയില്‍വേ സ്റ്റേഷനില്‍ വച്ച് എറിക്സനെ കണ്ടെന്നും കറുത്ത വസ്ത്രവും സണ്‍ഗ്ലാസും ധരിച്ച എറിക്സന്‍ തനിക്കു 18 വയസ് തികഞ്ഞെന്നും പിസ്റ്റള്‍ വാങ്ങിയെന്നും പറഞ്ഞതായി ഡട്ടന്‍ പോലീസില്‍ അറിയിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച് തല മൂടിയാണ് അക്രമികള്‍ സ്‌കൂളിലെത്തിയത്. യുഎസിലെ ഏറ്റവും വലിയ സ്‌കൂള്‍ വെടിവയ്പിന്റെ 20ാം വാര്‍ഷികം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടും മുന്‍പാണ് നാടിനെ നടുക്കിയ അടുത്ത സംഭവം എത്തിയത്.

Exit mobile version