ലോകം വീണ്ടും എബോള ഭീതിയില്‍; വൈറസ് പടര്‍ന്നുപിടിക്കുന്നു, കോംഗോയില്‍ മരണം ആയിരം കടന്നു

വന്യമൃഗങ്ങളില്‍ നിന്നാണ് ഇതു മനുഷ്യരിലേക്കു പടരുന്നത്. പനി, കടുത്ത തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

കോംഗോ: കോംഗോയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നു. എബോള വൈറസ് മൂലം കോംഗോയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. 1976-ല്‍ സുഡാനിലാണ് ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തത്. വൈകാതെ കോംഗോയിലും അത് വ്യാപിച്ചു. വന്യമൃഗങ്ങളില്‍ നിന്നാണ് ഇതു മനുഷ്യരിലേക്കു പടരുന്നത്. പനി, കടുത്ത തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

നോര്‍ത്ത് കിവുവിലും ഇടുരിയിലും രജിസ്റ്റര്‍ ചെയ്ത 1510 കേസുകളില്‍ നാനൂറുപേരെ രക്ഷിക്കാനായിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് വന്‍തോതില്‍ പടര്‍ന്നു പിടിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു.

ഈവര്‍ഷം ജനുവരി മുതല്‍ 119 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും അതില്‍ 85 പേര്‍ മരിക്കുകയോ രക്ഷപ്പെടുത്താനാവാത്ത വിധം രോഗബാധിതരാവുകയോ ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യത്ത് ഇതുവരെ പത്തുലക്ഷത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി.

2014-ല്‍ കിഴക്കന്‍ ആഫ്രിക്കയില്‍ 11,000 പേരുടെ മരണത്തിനിടയാക്കിയതിനു ശേഷം എബോള കാരണം നടന്ന ഏറ്റവും വലിയ ദുരന്തമാണ് കോംഗോയിലേത്. അന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ലിബീരിയ, ഗിനിയ തുടങ്ങിയ ഇടങ്ങളിലെ 28,600 പേരെയാണ് വൈറസ് ബാധിച്ചത്.

Exit mobile version