കോങ്കോയില്‍ എബോള വൈറസ് ബാധ രൂക്ഷം; മരണസംഖ്യ അഞ്ഞൂറ് കടന്നു, നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഉഗാണ്ടയുടെയും റുവാണ്ടയുടെയും അതിര്‍ത്തിക്ക് അടുത്തുള്ള കിവു പ്രദേശത്ത് എബോള ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്

കോങ്കോ: എബോള വൈറസ് ബാധ രൂക്ഷമായ കോങ്കോയില്‍ മരണസംഖ്യ കൂടി. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്ക് പ്രകാരം മരണസംഖ്യ അഞ്ഞൂറ് കടന്നു. അതേസമയം പലരും പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യസമയത്ത് എടുത്തത് എബോള വൈറസ് പടരുന്നത് തടയാനായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് എബോള മരണസംഖ്യ ഇത്രയും കൂടിയത്.

കോങ്കോ കഴിഞ്ഞ കുറച്ചു നാളായി എബോള വൈറസ് ബാധയുടെ ഭീതിയിലാണ്. എബോള വൈറസ് ബാധിച്ച് 502 പേര്‍ മരിച്ചുവെന്നാണ് കോങ്കോ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന പുതിയ കണക്ക്. 271 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാനായി. 76,425 പേര്‍ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക്.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയുമധികം ആളുകള്‍ കുത്തിവെയ്പ്പ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഇതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളില്‍ വൈറസിന്റെ വ്യാപ്തി തടയാനായെന്നും പ്രധാന വെല്ലുവിളി കൂടിയ ജനസംഖ്യയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഉഗാണ്ടയുടെയും റുവാണ്ടയുടെയും അതിര്‍ത്തിക്ക് അടുത്തുള്ള കിവു പ്രദേശത്ത് എബോള ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് പടര്‍ന്ന് നിരവധി പേരിലേക്ക് എത്തിയതോടെ ഉഗാണ്ടയിലും റുവാണ്ടയിലും ഭീതി ഉയര്‍ന്നു. ഇരു രാജ്യങ്ങളിലും ഇപ്പോഴും ജാഗ്രത തുടരുകയാണ്.

Exit mobile version