മരിച്ചു കിടക്കുമ്പോഴും സുന്ദരിയായിരിക്കണം; മരണത്തിന് അഞ്ചുദിവസം മുമ്പ് മരണവസ്ത്രങ്ങളും ശവമഞ്ചവും ഡിസൈന്‍ ചെയ്ത് യുവമോഡല്‍; ഒടുവില്‍ കണ്ണീരോടെ ആഗ്രഹം സഫലീകരിച്ച് നല്‍കി സഹോദരി

അകാലത്തില്‍ വിടപറഞ്ഞ സഹോദരി റേസിന്റെ ആഗ്രഹം കണ്ണീരോടെ നിറവേറ്റിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സഹോദരി.

മനില: അകാലത്തില്‍ വിടപറഞ്ഞ സഹോദരി റേസിന്റെ ആഗ്രഹം കണ്ണീരോടെ നിറവേറ്റിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സഹോദരി റോലിന്‍. അവള്‍ ആഗ്രഹിച്ചപോലെ, പ്ലാന്‍ തയ്യാറാക്കിയതു പോലെ ശവമഞ്ചമൊരുക്കി, അവളെ അണിയിച്ചൊരുക്കി അവസാനമായി യാത്രയയച്ചു. ഇരുപതാം വയസ്സില്‍ ലോകത്തോട് വിടപറയും മുന്‍പ് തന്റെ പ്രിയപ്പെട്ടവരോട് അവള്‍ പങ്കുവെച്ചതും ഒരേയൊരു ആഗ്രഹമായിരുന്നു. ‘മരിച്ചുകിടക്കുമ്പോഴും സുന്ദരിയായിരിക്കണം’-എന്ന്.

ഫിലിപ്പീന്‍സിലെ യുവമോഡലായിരുന്നു റേസിന്‍ പ്രെഗുന്‍ഡ. കാന്‍സര്‍ ബാധിച്ച് ഇരുപതാം വയസ്സില്‍ അകാലത്തില്‍ പൊലിയുന്നതിനു അഞ്ചുദിവസം മുന്‍പ് സഹോദരിയോട് പറഞ്ഞു, തനിക്ക് സുന്ദരിയായി മരിക്കണമെന്ന്. തന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് വിശദമായ പ്ലാന്‍ റേസിന്‍ തന്നെ തയ്യാറാക്കി. ശവമഞ്ചത്തിന് സമീപം ഒരുക്കേണ്ട പൂക്കളുടെ നിറം, ഗൗണ്‍ എല്ലാം റേസിന്‍ ആഗ്രഹിച്ച പോലെ തന്നെ. ഒടുവില്‍ അവളുടെ അന്ത്യാഭിലാഷത്തിന് അനുസരിച്ച്, തൂവെള്ള ഗൗണില്‍ വെള്ള പുഷ്പങ്ങള്‍ കൊണ്ടുള്ള ഹെയര്‍ ബാന്‍ഡും മേയ്ക്കപ്പും അണിഞ്ഞ് പുഞ്ചിരി തൂകി റേസിന്‍ യാത്രയായി. അവസാന ആഗ്രഹം പറഞ്ഞ് അഞ്ച് ദിവസം കൂടിയേ റേസിന്‍ ജീവിച്ചിരുന്നുള്ളൂ.

അവളുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു എന്നു പറഞ്ഞുകൊണ്ട് അവളുടെ സഹോദരി സോഷ്യല്‍മീഡിയയില്‍ കുറിച്ചതിങ്ങനെ :- ” ഇന്ന് നിന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞിരിക്കുന്നു. നിന്റെ ചിരിയില്‍ അതെനിക്ക് കാണാം. ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്കു പോയ ലൗലിക്ക് അവളുടെ ആഗ്രഹം പോലെയൊരു യാത്രാമൊഴിയേകാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു. നിന്റെ ഓര്‍മ്മകള്‍ക്കു മരണമില്ലെന്നും എന്നും എന്റെ ഹൃദയത്തില്‍ നീയുണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ അവളെ തനിച്ചാക്കി മടങ്ങിയത്.’

2017 ഏപ്രില്‍ പതിനേഴിനായിരുന്നു റേസിന്റെ വിയോഗം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സഹോദരി ഓര്‍മ്മകള്‍ പങ്കുവെച്ചതോടെയാണ് വീണ്ടും റേസിന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

Exit mobile version