ശ്രീലങ്കയിലെ സ്‌ഫോടനം; മരണസംഖ്യ 207 ആയി

സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അതീവജാഗ്രത തുടരുകയാണ്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ സ്‌ഫോടനത്തില്‍ മരണസംഖ്യ 207 ആയി. ഇതില്‍ നാല് ഇന്ത്യക്കാരുമുണ്ട്. നിരവധി പേരാണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. എട്ടിടങ്ങളിലാണ് ഇന്നലെ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അതീവജാഗ്രത തുടരുകയാണ്. ആക്രമണം തടയുന്നതില്‍ വീഴ്ച പറ്റിയുട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിങ്കേ വ്യക്തമാക്കി. അതേസമയം ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നയിടങ്ങള്‍ക്ക് പുറമേ മറ്റു ചില കേന്ദ്രങ്ങള്‍ കൂടി തീവ്രവാദികള്‍ ലക്ഷ്യമിട്ടതായാണ് വിവരം. കൊളംബോയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലും, കൊളംബോ തുറമുഖത്തും സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

ഇന്നലെ പ്രാദേശിക സമയം രാവിലെ 8.45നാണ് സ്‌ഫോടനം ഉണ്ടായത്. പ്രശസ്തമായ നെഗോമ്പോ സെന്‍ സെബാസ്റ്റിയന്‍ പള്ളി, കൊളംബോ സെന്റ് ആന്റണീസ് പള്ളി, മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി എട്ട് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് നിരോധനാജ്ഞയും സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Exit mobile version