ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി യാത്രക്കാരിയും ഡ്രൈവറും തമ്മില്‍ അടിപിടി; ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 മരണം

ബെയ്ജിങ്: ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ അടിപിടിക്കിടെ ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. സൗത്ത് വെസ്റ്റ് ചൈനയിലാണ് സംഭവം. തര്‍ക്കത്തിനിടെ യാത്രക്കാരി ഡ്രൈവറുടെ തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ കൈകൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

അതിനിടെ, എതിരെവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പാലത്തിന്റെ കൈവരി തകര്‍ത്താണ് ബസ് യാങ്സി നദിയിലേക്ക് മറിഞ്ഞതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. 15 പേരാണ് ഈ സമയം ബസ്സിലുണ്ടായിരുന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. രണ്ടുപേരെ കാണാതായിട്ടുണ്ട്.

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നതിനെ തുടര്‍ന്നാണ് ഡ്രൈവറുമായി സ്ത്രീ വഴക്കുണ്ടാക്കിയതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

70 ബോട്ടുകളും റോബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുങ്ങല്‍ വിദഗ്ധരുടെ സഹായവും തേടിയിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതുമൂലം ചൈനയില്‍ വാഹനാപകടങ്ങള്‍ പതിവാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ മാത്രം 58,000 പേര്‍ ചൈനയില്‍ വാഹനാപകടങ്ങളില്‍ മരിച്ചുവെന്നാണ് കണക്കുകള്‍

Exit mobile version