സ്‌ഫോടനം നടക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു; ലക്ഷ്യം ഇന്ത്യയും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളിയിലും പരിസരത്തും സ്‌ഫോടനം നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശ്രീലങ്കയില്‍ ചാവേറാക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് ശ്രീലങ്കയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ടിജെ എന്നറിയപ്പെടുന്ന നാഷണല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ഇന്ത്യയിലും സ്‌ഫോടനം നടത്താന്‍ സംഘം പദ്ധതി ഇട്ടിരുന്നതായി ഏജന്‍സി പറയുന്നു. മാത്രമല്ല കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രില്‍ 11ന് ലങ്കയുടെ പോലീസ് മേധാവി പുജത്ത് ജയസുന്ദര ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറുകയും, ദേശീയ തലത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. നിലവില്‍ ഒരു ഭീകരസംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Exit mobile version