ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി സ്‌ഫോടനം; മരണസംഖ്യ 156 ആയി

തലസ്ഥാന നഗരിയായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം ഉണ്ടായത്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി വിവിധ ഇടങ്ങളില്‍ സ്‌ഫോടനം. തലസ്ഥാന നഗരിയായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം ഉണ്ടായത്. ഈസ്റ്റര്‍ ദിനമായ ഇന്ന് രാവിലെ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടയില്‍ രാവിലെ 8.45 ഓടെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 156 ആയി. നാനൂറോളം പേര്‍ക്ക് പരിക്കേറ്റു.

നഗരത്തിന് വടക്ക് നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

പള്ളിയിലും പഞ്ചനക്ഷത്ര ഹോട്ടലിലും ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ വിദേശ ടൂറിസ്റ്റുകളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാനൂറോളം പേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

Exit mobile version