പൈലറ്റാകാന്‍ ആഗ്രഹിച്ചു; വിധി പോപ്‌കോണ്‍ വില്‍പ്പനക്കാരനാക്കി; ഒടുവില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വന്തമായി വിമാനമുണ്ടാക്കി ഫയാസ്; ടേക്ക് ഓഫ് ചെയ്യാന്‍ അനുവദിക്കാതെ പോലീസും; നിരാശ

ഇസ്ലാമാബാദ്: പൈലറ്റാകണമെന്ന് അത്രയേറെ ആഗ്രഹിച്ച ഫയാസിന് മറ്റ് വഴികളുണ്ടായിരുന്നില്ല, പോപ്‌കോണ്‍ വില്‍പ്പനയില്‍ നിന്നും മിച്ചം പിടിച്ച വരുമാനം കൊണ്ട് സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച് പറത്താനൊരുങ്ങിയിരിക്കുകയാണ് ഈ പാകിസ്താന്‍ സ്വദേശി. ഏറെ ആഗ്രഹിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടികളും മറ്റ് കാരണങ്ങളും തടസം നിന്നതോടെ മുഹമ്മദ് ഫയാസിന് പൈലറ്റാകണമെന്ന ആഗ്രഹം നിറവേറ്റാനായില്ല. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ ദാരിദ്ര്യം അദ്ദേഹത്തെ അനുവദിച്ചില്ല. എന്നാല്‍, പിന്മാറാന്‍ തയ്യാറാകാതെ കഠിനമായി അധ്വാനിച്ച് സ്വന്തമായി വിമാനമുണ്ടാക്കിയാണ് ഫയാസ് വിധിയെ വെല്ലുവിളിച്ചത്.

ഒരു വര്‍ഷമെടുത്താണ് 90,000 രൂപ ചെലവഴിച്ച് ഫയാസ് ഈ വിമാനം നിര്‍മ്മിച്ചത്. പോപ്‌കോണ്‍ വിറ്റ് നേടിയ പണം കൂടാതെ, ലോണെടുത്തതും, സ്ഥലം വിറ്റും ഒക്കെയാണ് ഫയാസ് പണം കണ്ടെത്തിയത്. പുറത്തുനിന്ന് യാതൊരു സാങ്കേതിക സഹായവും ഫയാസ് തേടിയില്ല, പറക്കുന്നതിനും വായു സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമൊക്കെ സാങ്കേതിക വിജ്ഞാനം സ്വയം നേടിയെടുത്തതാണ്. ഒപ്പം, വിമാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നതിനായി, നാഷണല്‍ ജ്യോഗ്രഫിക് ചാനലില്‍ ‘എയര്‍ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ഷോ’ കാണുന്നുമുണ്ടായിരുന്നു ഫയാസ്.

ഒടുവില്‍ വിമാനം നിര്‍മ്മിച്ച് പറക്കാനൊരുങ്ങിയപ്പോള്‍, നിയമവ്യവസ്ഥ ഈ മുപ്പത് വയസുകാരന്‌ വെല്ലുവിളിയായി. ടേക്ക് ഓഫ് ചെയ്യാന്‍ അനുവദിക്കാതെ വിമാനം പോലീസ് കസ്റ്റഡിയിലായി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമാനം പറത്താന്‍ അനുമതി നിഷേധിച്ചത്.

വിമാനമുണ്ടാക്കുന്നതിനായി പണം കണ്ടെത്താന്‍ രാവിലെ പോപ്‌കോണ്‍ വില്‍ക്കുന്നതിനൊപ്പം രാത്രിയില്‍ വാച്ച്മാനായി ജോലി നോക്കുകയും ചെയ്തിരുന്നു ഈ റിയല്‍ ഹീറോ. മാര്‍ച്ച് 23നായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നത്. പക്ഷേ കൃത്യമായ ഗൈഡന്‍സോടെ നിയമങ്ങള്‍ പാലിച്ച് ഫയാസിന് വിമാനം പറത്താമെന്ന നിലപാടിലാണ് പോലീസ്.

Exit mobile version