അതിര്‍ത്തിയില്‍ ഇന്ത്യ വെടിവെച്ചിട്ട പാകിസ്താന്‍ യുദ്ധവിമാനം എഫ്-16 അല്ല; വിശദീകരണവുമായി യുഎസ്

എഫ് 16 വിഭാഗത്തില്‍പ്പെട്ട എല്ലാം വിമാനങ്ങളും പാകിസ്താന്റെ പക്കല്‍ സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കിയതായി പ്രതിരോധ വ്യത്തങ്ങളെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഷിങ്ടണ്‍: ഇന്ത്യ അതിര്‍ത്തി ലംഘിച്ചതിന് വെടിവെച്ചിട്ട പാകിസ്താന്‍ യുദ്ധവിമാനം എഫ്-16 അല്ലെന്ന് യുഎസ് സ്ഥിരീകരിച്ചതായി അമേരിക്കന്‍ മാഗസിന്‍. എഫ് 16 വിഭാഗത്തില്‍പ്പെട്ട എല്ലാം വിമാനങ്ങളും പാകിസ്താന്റെ പക്കല്‍ സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കിയതായി പ്രതിരോധ വ്യത്തങ്ങളെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയുടെ ബലാക്കോട്ടിലെ വ്യോമാക്രമണവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വഷളാക്കിയിരുന്നു. പിന്നാലെ, ഫെബ്രുവരി 27ന് വ്യോമാതിര്‍ത്തി ലംഘിച്ച് കാശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് എത്തിയിരുന്നു. ഇവയെ തുരത്താന്‍ ഇന്ത്യ നടത്തിയ പ്രതിരോധത്തിനിടെ പാകിസ്താന്റെ യുദ്ധവിമാനം തകര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഇത് അമേരിക്ക പാകിസ്താന് നല്‍കിയ എഫ്-16 ആണെന്നായിരുന്നു മുമ്പത്തെ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കെതിരെ ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന കര്‍ശ്ശന നിര്‍ദേശത്തോടെയാണ് യുഎസ് പാകിസ്താന് വിമാനങ്ങള്‍ കൈമാറിയതെന്നും ഇവ ആക്രമണത്തിന് ഉപയോഗിച്ച് കരാര്‍ ലംഘിച്ച പാകിസ്താനോട് യുഎസ് റിപ്പോര്‍ട്ട് തേടിയെന്നും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ അമേരിക്കന്‍ ഡിഫന്‍സ് നടത്തിയ വിശദമായ പരിശോധനയില്‍ പാകിസ്താന്റെ കൈയ്യില്‍ എല്ലാ എഫ്-16 വിമാനങ്ങളും സുരക്ഷിതമാണെന്നും പാകിസ്താന്‍ വാങ്ങിയ മുഴുവന്‍ എഫ് 16 വിമാനങ്ങളും പരിശോധനയില്‍ കണ്ടെത്തിയെന്നും മാഗസിന്‍ റിപ്പോര്‍ട്ട് പറയുന്നു. ഫോറിന്‍ പോളിസി മാഗസിന്‍ ആണ് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം പുറത്ത് വിട്ടത്. ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാകിസ്താന്‍ നേരെത്തെയും അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം ഈ വിഷയത്തില്‍ പുറത്തുവന്നിട്ടില്ല.

Exit mobile version