ഉസാമ ബിന്‍ ലാദന്റെ വലംകൈയ്യായിരുന്ന മുന്‍ പാകിസ്താന്‍ ഐബി തലവന്‍ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍; സത്യപ്രതിജ്ഞ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ അംഗമായി ഉസാമ ബിന്‍ലാദന്റെ സഹായിയായിരുന്ന മുന്‍ പാക് ഇന്റിലജന്‍സ് ബ്യൂറോ തലവനും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് വിവാദനായകനായ മുന്‍ ഐബി തലവന്‍ ഇജാസ് ഷാ പാര്‍ലമെന്ററി കാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇമ്രാന്‍ ഖാന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് പ്രസിഡന്റ് ആരിഫ് അല്‍വി ഇജാസ് ഷായുടെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

ഇതിനുപിന്നാലെ, ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. പ്രധാനമന്ത്രി പാക് പാര്‍ലമെന്റിനെ ഇതിലൂടെ അപമാനിക്കുകയും തരംതാഴ്ത്തുകയുമാണ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന വ്യക്തിയാണ് ഇജാസ് ഷായെന്ന് മുമ്പ് പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പിപിപിയുടെ പ്രധാന പ്രതിഷേധമെന്ന് ഡോണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷ്‌റഫിന്റെ വിശ്വസ്തനായിരുന്നു ഇജാസ് ഷാ. ഇദ്ദേഹത്തിനെതിരെ അല്‍ഖ്വയ്ദ സ്ഥാപക നേതാവ് ഉസാമ ബിന്‍ ലാദനെ സംരക്ഷിച്ചതുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 9/11 ആക്രമണത്തിന്റെ പേരില്‍ യുഎസിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഉസാമയ്ക്ക് പാകിസ്താനില്‍ സുരക്ഷിത താവളം ഒരുക്കിയത് ഇജാസ് ഷായാണെന്നായിരുന്നു ആരോപണങ്ങില്‍ ശക്തമായത്.

യുഎസ് ഉസാമയെ പിടികൂടിയ പാകിസ്താനിലെ അബോട്ടാബാദിലെ മൂന്ന് നിലകളുള്ള ഭൂമിക്കടിയിലെ കെട്ടിടം പണിഞ്ഞത് ഇജാസ് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് മുന്‍ഐസ്‌ഐ തലവന്‍ ജനറല്‍ സിയാവുദ്ധീന്‍ ഭട്ട് സിഡ്‌നി മോണിങ് ഹെരാള്‍ഡിനോട് 2012ല്‍ വെളിപ്പെടുത്തിയിരുന്നു. ഇജാസ് ഷാ മുഷ്‌റഫിന്റെ അറിവോടെയാണ് ഉസാമയെ ഒളിപ്പിച്ച് താമസിപ്പിച്ചതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അന്ന് സിയാവുദ്ധീന്‍ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ 2004 മുതല്‍ 2008 വരെ പാകിസ്താന്റെ ഐബി തലവനായിരുന്നു ഇജാസ് ഷാ. വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം ഇത്തവണ നാന്‍ഖാന സാഹിബില്‍ നിന്നും ജനവിധി തേടി പാകിസ്താന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്ക് ഇ ഇന്‍സാഫിന്റെ ടിക്കറ്റിലായിരുന്നു മത്സരം.

Exit mobile version