ഭര്‍ത്താവിന് തന്നേക്കാള്‍ സ്‌നേഹം കുഞ്ഞിനോട്; പ്രകോപിതയായ യുവതി മൂന്നാഴ്ച പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

കീവ്: ഭര്‍ത്താവ് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് കുഞ്ഞിനെയാണെന്ന തോന്നലില്‍ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് യുവതി. ഉക്രെയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണിലാണ് കുഞ്ഞിനോടുള്ള ഭര്‍ത്താവിന്റെ അമിത സ്‌നേഹത്തില്‍ പ്രകോപിതയായ യുവതി സ്വന്തം കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഇരിപത്തിയൊന്നുകാരനായ യുവാവിനും ഇരുപത്തിയൊന്നുകാരിയായ യുവതിക്കും പെണ്‍കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനോട് കൂടുതല്‍ വാത്സല്യം കാണിക്കുന്നതിലും ഭര്‍ത്താവിന്റെ അമ്മ കുഞ്ഞിനെ ലാളിക്കുന്നതിലും യുവതി അസ്വസ്ഥയായിരുന്നു. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

സംഭവ ദിവസം വീട്ടിലെ മാലിന്യങ്ങള്‍ കളയുന്നതിനായി പുറത്തുപോയ ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ ഭാര്യയുടെ കയ്യില്‍ രക്തക്കറ കാണുകയും വീടുനുള്ളില്‍ നോക്കിയപ്പോള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു.

മകന്‍ പുറത്തേക്ക് പോയപ്പോള്‍ അടുക്കളയില്‍നിന്നും കത്തിയുമായി എത്തി മരുമകള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. താനും മകനും കുഞ്ഞിനെ ലാളിക്കുന്നതില്‍ മരുമകള്‍ അസ്വസ്ഥയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി അടുക്കളയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

Exit mobile version