ബാലക്കോട്ടിലെ വ്യോമാക്രമണം; പാകിസ്താന്‍ സൈനികരും മരിച്ചു

ന്ത്യന്‍ വാദങ്ങള്‍ തെറ്റാണെന്നു പറഞ്ഞ് ചില വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.

ഇസ്ലാമാബാദ്: ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ വാദങ്ങള്‍ തെറ്റാണെന്നു പറഞ്ഞ് ചില വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ റിപ്പോര്‍ട്ടര്‍മാരെ ഒരാളെ പോലും ഈ പ്രദേശത്തേക്ക് കടത്തിവിട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

വിവിധ ദേശീയ മാധ്യമങ്ങള്‍ ഫോണ്‍ കോള്‍ വഴിയും മറ്റു രഹസ്യന്വേഷണങ്ങളിലൂടെയും കണ്ടെത്തിയ രേഖകള്‍ പ്രകാരം ഇന്ത്യ ബാലാകോട്ടിലെ ഭീകരക്യാംപുകള്‍ തകര്‍ത്തു എന്നു തന്നെയാണ് തെളിയുന്നത്. ആക്രണത്തില്‍ സംഭവിച്ചതെന്ത് പുറം ലോകം അറിയാതിരിക്കാന്‍ ബാലാകോട്ടിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വരെ പാകിസ്താന്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നാണ് വിവരം.

ആക്രമണത്തില്‍ ഭീകരക്യാംപിലുണ്ടായിരുന്ന മുതിര്‍ന്ന പാക് സൈനികര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞത്. നാലോ അഞ്ചോ സൈനികര്‍ മരിച്ചിട്ടുണ്ടെന്നാണ് ബാലോകോട്ടിലെ ഒരു വ്യക്തി ഫോണ്‍ കോള്‍ വഴി പറഞ്ഞത്. ഇവിടുത്തെ ഭീകരക്യാംപുകളില്‍ പാക് സൈനികരും പരിശീലനം നടത്തുന്നുണ്ടെന്നും വെളിപ്പെടുത്തി. എത്ര പേര്‍ മരിച്ചു എന്നതു സംബന്ധിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണയില്ല.

ആക്രമണം നടന്നതിനു ശേഷം പുറത്തുനിന്നു ഒരാളെയും പ്രദേശത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഇവിടേക്കുള്ള വഴികളെല്ലാം സൈന്യം തന്നെ അടച്ചു. ആക്രമണം സംബന്ധിച്ചുള്ള ഒരു രേഖകളും പുറത്തുവിടരുതെന്ന് പാക് സൈനിക മേധാവികള്‍ അറിയിപ്പു നല്‍കിയിരുന്നു. മരിച്ചവരെയെല്ലാം കുന്‍ഹാര്‍ നദിയിലാണ് അടക്കം ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ച് നദിയില്‍ ഒഴുക്കിയതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version