ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാകിസ്താന്‍ പൈലറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പാക് പോര്‍വിമാനമായ എഫ് 16 ന്റെ വിങ് കമാന്‍ഡര്‍ ഷഹബാസ് ഉദ് ദിന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാകിസ്താന്‍ പൈലറ്റിനെ പാകിസ്താന്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നതായി റിപ്പോര്‍ട്ട്. പാക് പോര്‍വിമാനമായ എഫ് 16 ന്റെ വിങ് കമാന്‍ഡര്‍ ഷഹബാസ് ഉദ് ദിന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് വിമാനത്തെ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 ആണ് തുരത്തിയത്. മിഗ് 21 തകര്‍ന്നതിനു സമീപത്ത് നിന്നാണ് ഷഹബാസ് ഉദ് ദിനെ തദ്ദേശവാസികള്‍ കണ്ടതും. അതോടെ ഇന്ത്യക്കാരനാണെന്ന വിശ്വാസത്തില്‍ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു.

പാകിസ്താന്‍ വൈമാനികന്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് വാര്‍ത്താ ഏജന്‍സി യുഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ചില നേരങ്ങളില്‍ യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്ന് പറഞ്ഞു കൊണ്ട് ലണ്ടനില്‍ നിന്നുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. അദ്ദേഹത്തിന്റെ പോസ്റ്റ് പ്രകാരം പാകിസ്താന്‍ വ്യോമസേന വൈമാനികന്‍ ഷഹ്സാസ് ആണ് കൊല്ലപ്പെട്ടത്.

പാകിസ്താന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനാണ് ഷഹ്സാസ്. ഇന്ത്യന്‍ വ്യോമസേന മിഗ് 21ല്‍ നിന്ന് തൊടുത്തു വിട്ട മിസൈലേറ്റാണ് ഷഹസാസ് പറത്തിയ എഫ് 16 തകര്‍ന്നത്. ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ട പാക്‌പൈലറ്റ് പാക്അധീന ജമ്മുകാശ്മീരിലാണ് പരിക്കുകളോടെ ചെന്നെത്തിയത്. എന്നാല്‍ ഇന്ത്യന്‍ വൈമാനികനെന്ന് കരുതി ആള്‍ക്കൂട്ടം ഇദ്ദേഹത്തെ പൊതിരെ തല്ലുകയായിരുന്നു. പിന്നീട് പാകിസ്താന്‍ പൈലറ്റാണെന്ന് മനസ്സിലാക്കിയ ഉടനെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് ഖാലിദ് ഉമര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രണ്ട് ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്നും രണ്ട് ഇന്ത്യന്‍ പൈലറ്റുകളെ പിടികൂടിയെന്നും പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഖഫൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച അതേ ദിനമാണ് ഷഹസാസിനെ പാകിസ്താന്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത്. കൊല്ലപ്പെട്ട പാകിസ്താന്‍ വൈമാനികന്റെ പിതാവും മുന്‍ എയര്‍ മാര്‍ഷലാണ്.

Exit mobile version