മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ബ്രിട്ടനിലേക്ക് മടങ്ങിയെത്താന്‍ ശ്രമം; ഐഎസില്‍ ചേരാന്‍ പോയ ഷമീമയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടന്റെ തിരിച്ചടി

ലണ്ടന്‍ : ഐഎസില്‍ ചേരാന്‍ പോയ ഷമീമ ബീഗത്തിന് തിരിച്ചടി നല്‍കി ബ്രിട്ടന്‍. മൂന്നാമത്തെ കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ബംഗ്ലാദേശില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടതാണ് ഷെമീമ. ഇവര്‍ക്ക് ഇരട്ട പൗരത്വമുണ്ട്.

ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനയച്ചത്. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇതു തടയാന്‍ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങള്‍ക്കകം അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ മകനെ ഇസ്ലാമില്‍തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടു വെളിപ്പെടുത്തി. യുകെയിലേക്കു മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്കു മടിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടന്‍ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്ഫോടനമെന്നും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്.

Exit mobile version