ലാന്‍ഡിങിനിടെ നിലത്തിടിച്ച് വീണ്ടും പൊങ്ങി പറന്ന് വിമാനം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അത്തരത്തില്‍ ലാന്‍ഡിങിനിടെ നിലത്തിടിച്ച് വീണ്ടും പൊങ്ങി പറന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ന്യൂഡല്‍ഹി; ശക്തമായ കാറ്റുള്ളപ്പോള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനമിറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ്. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

അത്തരത്തില്‍ ലാന്‍ഡിങിനിടെ നിലത്തിടിച്ച് വീണ്ടും പൊങ്ങി പറന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നും ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വ്യോമഗതാഗത കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ 276 വിമാനമാണ് അപകടത്തില്‍ നിന്നും അതിശയകരമായി രക്ഷപ്പെട്ടത്. റണ്‍വേയിലേക്ക് താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലയുകയായിരുന്നു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം വിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച് വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു.

എന്നാല്‍ ധൈര്യം കൈവിടാതെ പൈലറ്റ് വിമാനത്തെ വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ തീരുമാനമാണ് വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററില്‍ മാത്രം 30 ലക്ഷം പേരാണ് ഈ വീഡിയോ ഒരു ദിവസം കൊണ്ട് കണ്ടത്

Exit mobile version