സൊമാലിയയില്‍ വീണ്ടും കാര്‍ബോംബ് സ്‌ഫോടനം; പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

മൊഗാധിഷുവിലുള്ള ഷോപ്പിങ് മാളിന്റെ സമീപത്താണ് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്

മൊഗാധിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാധിഷുവില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൊഗാധിഷുവിലുള്ള ഷോപ്പിങ് മാളിന്റെ സമീപത്താണ് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ മാളില്‍ ഉണ്ടായിരുന്നവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു.

സ്‌ഫോടനം നടന്ന ഷോപ്പിങ് മാള്‍ സ്ഥിതി ചെയ്യുന്നത് പ്രാദേശിക സര്‍ക്കാര്‍ ഓഫീസിന്റെ അടുത്താണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിനെ തുടര്‍ന്ന് പരിസരപ്രദേശത്തെ കെട്ടിടങ്ങളും തകര്‍ന്നുവീണു. അതേ സമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

എന്നാല്‍ സ്‌ഫോടനത്തിന് പിന്നില്‍ സൊമാലിയയിലെ തീവ്രവാദ സംഘടനയായ അല്‍ ശബാബാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അടുത്തിടെയായി രാജ്യത്ത് നടന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍ ശബാബായിരുന്നു. സൊമാലിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സ്വന്തം സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അല്‍ ശബാബ് രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുന്നത്.

Exit mobile version