റോയല്‍ ഫാന്‍സ് അറിയാന്‍..ദീര്‍ഘദൂരയാത്രയ്ക്ക് ഇനി ബുള്ളറ്റ് വേണ്ട! ഡൊമിനാര്‍ മതിയെന്ന് തെളിയിച്ച് മൂന്ന് ഇന്ത്യന്‍ സാഹസികര്‍; അരലക്ഷം കിലോമീറ്ററുകള്‍ താണ്ടി അന്റാര്‍ട്ടിക്കയുടെ ഉയരത്തെ തൊട്ടത് ഡൊമിനാറില്‍! ചരിത്ര നേട്ടം

ലണ്ടന്‍: ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ അഡ്വെഞ്ചര്‍ ടൂറര്‍ ബജാജിന്റെ ഡൊമിനാറിനെ തേടിയെത്തിയിരിക്കുന്നത് മറ്റൊരു അവിശ്വസനീയ നേട്ടം കൂടിയാണ്. കേട്ടാല്‍ റോയല്‍ ഫാന്‍സ് ഒന്ന് ഞെട്ടും. 51,000 കിലോ മീറ്റര്‍ താണ്ടി ഇന്ത്യയിലെ മൂന്ന് സാഹസിക റൈഡേഴ്‌സ് അന്റാര്‍ട്ടിക്കയില്‍ എത്തിയത് ഡൊമിനാര്‍ ഓടിച്ചാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിനെ ആശ്രയിക്കുന്നവര്‍ക്ക് ഇതറിഞ്ഞ് തെല്ല് അമ്പരപ്പ് ഇല്ലെങ്കിലാണ് അത്ഭുതം. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ തന്നെ ഞെട്ടിച്ചാണ് ദീപക് കമ്മത്ത്, അവിനാശ് പിഎസ്, ദീപക് ഗുപ്ത എന്നീ മൂന്ന് പേര്‍ ഡൊമിനാര്‍ ഓടിച്ച് മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്ക വരെ എത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൈക്ക് ഇത്രയും ദൂരത്തില്‍ ഓടിയെത്തുന്നത്.

ലോകത്തെ ഏറ്റവു അപകടകരമെന്നറിയപ്പെടുന്ന റോഡുകളായ ജെയിംസ് ഡോള്‍ട്ടന്‍ ഹൈവേ, ഡെംപ്സ്റ്റര്‍ ഹൈവേ, ഡെത് റോഡ് ഓഫ് ബൊളീവിയ തുടങ്ങിയവയിലൂടെ ഒരു ദിവസം വിശ്രമമില്ലാതെ 515 കിലോമീറ്റര്‍ എന്ന രീതിയില്‍ ഓടിച്ചാണ് ഡൊമിനാറും കൊണ്ട് ഇവര്‍ മഞ്ഞുമലയിലെത്തിയത്.

ബജാജിന്റെ ഡൊമിനാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള രൂപകല്‍പ്പനകൊണ്ട് ശ്രദ്ധേയമാണെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ ശബ്ദത്തെയും മെയ്ന്റനന്‍സ് ചെലവിനെയും പരിഹസിച്ചുകൊണ്ടുള്ള പരസ്യങ്ങളിലൂടെയാണ് കൂടുതല്‍ പേരുടെ കണ്ണിലുടക്കിയത്. 373 സിസി എഞ്ചിനുള്ള ഡൊമിനാറിനെ റൈഡര്‍മാരുടെ പ്രിയങ്കരനാക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക്, ഹിമാലയന്‍ എന്നിവയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബൈക്കാണിത്.

Exit mobile version