കൊടും തണുപ്പില്‍ മരവിച്ച് അമേരിക്ക; താപനില -46 ഡിഗ്രിവരെ

മഞ്ഞുവീഴ്ച അലബാമ, ജ്യോര്‍ജിയ തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്

ധ്രുവങ്ങളിലെ ന്യൂനമര്‍ദ്ദമേഖലകളില്‍ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റില്‍ യുഎസ് വിറയ്ക്കുന്നു. യുഎസ്സിന്റെ വടക്കുകിഴക്കന്‍ മേഖലകളിലാണ് തണുപ്പ് അപകടകരമാംവിധം ഉയര്‍ന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകള്‍ മുതല്‍ മെയ്‌നെ വരെയുള്ള പ്രദേശങ്ങളില്‍ കടുത്ത തണുപ്പ് ബാധിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച അലബാമ, ജ്യോര്‍ജിയ തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

പുജ്യം ഡിഗ്രിക്കു താഴേക്ക് താപനില താഴ്‌നതോടെ നഗരങ്ങളില്‍ ‘ഉഷ്ണകേന്ദ്ര’ങ്ങള്‍ തുടങ്ങിയിട്ടുണ്ട് സര്‍ക്കാരുകള്‍. നൂറുകണക്കിന് സ്‌കൂളുകള്‍ പൂട്ടിക്കിടക്കുകയാണ്. ആയിരത്തിലധികം വിമാനയാത്രകള്‍ ഇതിനകം റദ്ദാക്കപ്പെട്ടിട്ടുണ്ട്.

ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ചിക്കാഗോ അടക്കമുള്ള വടക്കന്‍ പ്രദേശങ്ങളില്‍ മൈനസ് 46 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുമെന്ന് നാഷണല്‍ വെതര്‍ സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്തു. മരവിപ്പിക്കുന്ന കാറ്റ് വീശിക്കൊണ്ടിരിക്കുകയാണെന്നും ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്നും ഇല്ലിനോയിസ് ഗവര്‍ണര്‍ ജെഹി പ്രിറ്റ്‌സ്‌കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സാധ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കി ജനജീവിതം സുഗമമാക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യാത്ര ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പത്ത് മിനിറ്റു നേരം തണുത്ത കാലാവസ്ഥയില്‍ കഴിഞ്ഞാല്‍ അത് ശീതവീക്കത്തിന് (frostbite) കാരണമാകുമെന്ന് ഗവര്‍ണര്‍ ജാഗ്രതപ്പെടുത്തി. ജീവാപായ സാധ്യതയുള്ള ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡക്കോട്ട മുതല്‍ പെന്‍സില്‍വാനിയ വരെയുള്ള സംസ്ഥാനങ്ങളില്‍ 50 ദശലക്ഷത്തിലധികം ആളുകളെ അതിശൈത്യം ബാധിക്കും. ഇല്ലിനോയിസ്, മിഷിഗണ്‍, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരധ്രുവത്തില്‍ കറങ്ങിത്തിരിയുന്ന പോളാര്‍ വോര്‍ടെക്‌സ് എന്ന ന്യൂനമര്‍ദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്.

അതെസമയം ഉത്തരധ്രുവത്തിലെ പോളാര്‍ വോര്‍ട്ടെക്‌സ് ഇന്ത്യയെയും ബാധിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ നാടുകളില്‍ ഉയരുന്ന തണുപ്പിനു കാരണം ഇവിടെ നിന്നുള്ള കാറ്റാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ചരാജസ്ഥാനിലെ ചുരുവില്‍ -1.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

Exit mobile version