നദിയില്‍ ചത്ത് പൊങ്ങിയത് ആയിരക്കണക്കിനു മീനുകള്‍; ആശങ്ക

മീനുകള്‍ ഇത്തരത്തില്‍ ചത്തു പൊങ്ങാന്‍ തുടങ്ങിയിട്ട് ഒട്ടേറെ നാളായെന്നും വരും ദിവസങ്ങളിലും ഇത് സംഭവിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മെല്‍ബണ്‍: ഓസ്‌ട്രോലിയയിലെ ഡാര്‍ലിങ് നദിയില്‍ ആയിരകണക്കിന് മീനുകള്‍ ചത്തു പൊങ്ങി. പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ ഇടയാക്കിയതെന്നാണ് വിഗ്ദരുടെ നിഗമനം. മീനുകള്‍ ഇത്തരത്തില്‍ ചത്തു പൊങ്ങാന്‍ തുടങ്ങിയിട്ട് ഒട്ടേറെ നാളായെന്നും വരും ദിവസങ്ങളിലും ഇത് സംഭവിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ആദ്യം നൂറുകണക്കിന് മീനുകളാണ് ചത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനായിരക്കണക്കിനു മത്സ്യങ്ങളാണ് ദിവസേന ചത്തുപൊങ്ങുന്നത്. ആല്‍ഗെ പെരുകിയതോടെ ജലത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുകയും മീനുകള്‍ അവ ആഹാരമാക്കുകയും ചെയ്തു. ആദ്യം വ്യാവസായിക മാലിന്യമോ മറ്റു വിഷാംശമോ നദിയിലേക്കെത്തിയതാകും കാരണമെന്നാണ് കരുതിയത്. എന്നാല്‍ ക്രമേണ ചത്തു പൊങ്ങുന്ന മത്സ്യങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് നദിയിലെ ആല്‍ഗെയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്.

മീനുകള്‍ ചത്തുപൊങ്ങിയതോടെ നിരവധി പേര്‍ ചിത്രങ്ങളും വീഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മീനുകള്‍ ചത്തുപൊങ്ങുന്നത്. ആല്‍ഗെകള്‍ എന്ന സസ്യ സമാന സൂക്ഷ്മ ജീവികള്‍ ലോകത്തെങ്ങുമുണ്ട്. ഇവയ്ക്കു വ്യത്യസ്ത വലിപ്പവും വര്‍ഗവും സ്വഭാവവുമാണുള്ളത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലുമാണ് ഇവ പ്രധാനമായും വളരുന്നത്.

Exit mobile version