ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നു; 34 മരണം, നൂറുകണക്കിന് വീടുകളും വാഹനങ്ങളും ഒലിച്ചുപ്പോയി

നാനൂറിലധികം പേരെ കാണാതായിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം

സാവോ പോളോ: ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 34 ആയി. നാനൂറിലധികം പേരെ കാണാതായിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. ഇരുനൂറിലധികം പേരെ രക്ഷപ്പെടുത്തി.

അണക്കെട്ട് തകര്‍ന്നതോടെ മീറ്ററുകള്‍ ഉയരത്തില്‍ ചെളി അടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാണാതായവരില്‍ രക്ഷപ്പെടാനുളളവരുടെ സാധ്യത വളരെ വിരളമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളപ്പാച്ചിലില്‍ നൂറുകണക്കിന് വീടുകളും വാഹനങ്ങളും ഒഴുകിപോയി.

മൂന്നുവര്‍ഷം മുമ്പ് മാരിയാനോയില്‍ അണക്കെട്ട് തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാരിയാനോയില്‍ തകര്‍ന്ന അണക്കെട്ടിന്റെ ഉടമസ്ഥരില്‍ ഒരാള്‍ തന്നെയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്ന ബ്രുമാഡിന്‍ഹോ അണക്കെട്ടിന്റെയും ഉടമ. അതേ സമയം അടിയന്തര സാഹചര്യത്തില്‍ ബ്രസീലിനെ സഹായമെത്തിക്കാന്‍ ഇസ്രായേല്‍ അടക്കമുളള രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്

Exit mobile version