വരാനിരിക്കുന്ന വന്‍ ദുരന്തത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി മുന്നില്‍ വെറും 10 വര്‍ഷം മാത്രം; ലോകരാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

നിലവിലെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത കാലാവസ്ഥാ മാറ്റമുണ്ടാകും

ഇഞ്ചിയോണ്‍: ഭൂമിയെ രക്ഷിക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അവസാന മുന്നറിയിപ്പ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീച്ചൂളയില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി വെറും പത്തുവര്‍ഷം മാത്രമാണ് മുന്നിലുള്ളതെന്നാണ് ലോകരാഷ്ട്രങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.  ആഗോളതാപനത്തിന്റെ ഭാഗമായി കൊടുംചൂടും കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും കൂട്ടജീവഹാനിയുമടക്കമുള്ള കെടുതികള്‍ ആസന്നമെന്ന് ദക്ഷിണകൊറിയയില്‍ സമാപിച്ച ഐപിസിസി (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമെറ്റ് ചെയ്ഞ്ച്) ചൂണ്ടിക്കാട്ടി.

നിലവിലെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത കാലാവസ്ഥാ മാറ്റമുണ്ടാകും. 2030നും 2050നും ഇടയില്‍ ആഗോളതാപനം ഈ പരിധി കടന്നേക്കാം. 10 വര്‍ഷത്തിനകം കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറച്ചില്ലെങ്കില്‍ സ്ഥിതി അതീവഗുരുതരമാകും. ആഗോളതാപനത്തിന്റെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കാന്‍ കനത്ത വിലകൊടുക്കേണ്ടി വരും, എങ്കിലും പ്രതീക്ഷയുടെ വാതില്‍ തുറന്നുകിടക്കുന്നുവെന്ന് 33 പേജുള്ള നിര്‍ണായക റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

ഇതിനായി ഊര്‍ജ ഉപയോഗം, ഭൂമി വിനിയോഗം, നഗര- വ്യവസായവത്കരണം എന്നിവയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരേണ്ടി വരും. മൂന്ന് വര്‍ഷത്തെ തീവ്രഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോളകാലാവസ്ഥ ശാത്രജ്ഞരുടെ സുപ്രധാന സംഘടന ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്. ഡിസംബറില്‍ പോളണ്ടില്‍ ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഈ റിപ്പോര്‍ട്ടാകും ചര്‍ച്ചക്കെടുക്കുക.

അന്തരീക്ഷ താപനില ഉയര്‍ന്നാല്‍ ഇന്ത്യയില്‍ അത്യുഷ്ണം അനുഭവപ്പെടുമെന്ന് ഐപിസിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവുമധികം കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും മുന്‍കൈയെടുക്കണം. കടുത്ത ജലക്ഷാമം, ആരോഗ്യപ്രശ്‌ന ങ്ങള്‍, ഭക്ഷ്യക്ഷാമം എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌.

Exit mobile version