60 വയസുവരെ ക്യാമറ പോലും കൈകൊണ്ട് തൊട്ടിട്ടില്ല; എന്നാല്‍ 98-ാം വയസില്‍ അമ്പരപ്പിക്കുന്ന ഫോട്ടോഗ്രാഫറായി പരിണാമം! ലോകത്തെ ഞെട്ടിച്ച് ഈ മുത്തശ്ശി

തെല്‍മ പെപ്പര്‍, എന്ന 98-ാം വയസില്‍ ലോകത്തെ അമ്പരപ്പിക്കുന്ന മുത്തശ്ശി ഫോട്ടോഗ്രാഫറുടെ കഥയാണ് പറഞ്ഞുവരുന്നത്.

ടൊറന്റൊ: 60 വയസുവരെ ക്യാമറയെന്തെന്ന് പോലും മൈന്‍ഡ് ചെയ്യാത്തയാള്‍ 90 കഴിഞ്ഞപ്പോള്‍ കിടിലന്‍ ഫോട്ടോകളെടുത്ത് ലോകത്തെ ഞെട്ടിച്ചു. തെല്‍മ പെപ്പര്‍, എന്ന 98-ാം വയസില്‍ ലോകത്തെ അമ്പരപ്പിക്കുന്ന മുത്തശ്ശി ഫോട്ടോഗ്രാഫറുടെ കഥയാണ് പറഞ്ഞുവരുന്നത്. കാനഡയിലെ സ്വാസ്‌കെഷ്വാണ്‍ സ്വദേശിനിയാണ് ഈ സുന്ദരി മുത്തശ്ശി.

അറുപതിന് ശേഷമാണ് ജീവിതം ശരിക്കും ആസ്വദിക്കുവാന്‍ സാധിക്കുകയെന്നാണ് തെല്‍മ മുത്തശ്ശിയുടെ പക്ഷം. 60ാം വയസില്‍ ക്യാമറയെടുത്ത തെല്‍മ അതിനുശേഷമുള്ള മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ അതിമനോഹരമായ ഫ്രെയിമുകളില്‍ ലോകത്തെ പകര്‍ത്തി. ഇന്ന് ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള നാല് പുസ്തകങ്ങളുടെ രചിയിതാവുകൂടിയാണ് തെല്‍മ.

97 വയസുകാരിയായ തെല്‍മ പകര്‍ത്തിയ സ്വാസ്‌കെഷ്വാണ്‍ലെ പെണ്‍ജീവിതങ്ങളുടെ അടയാളപ്പെടുത്തലായ ചിത്രങ്ങള്‍ ഇവര്‍ക്ക് നേടിക്കൊടുത്തത് സ്വാസ്‌കെഷ്വാണ്‍ ഓര്‍ഡര്‍ ഓഫ് മെരിറ്റ് ആണ്. ഈ ആദരവ് ഏറ്റുവാങ്ങുന്ന ഏറ്റവും പ്രായം ചെന്ന വനിതയായിരുന്നു ഇവര്‍. തെല്‍മയുടെ കണ്ണുകളിലൂടെ വിരിഞ്ഞത് സ്വാസ്‌കെഷ്വാണ്‍ പാടങ്ങളിലെ യഥാര്‍ഥ ജീവിതചിത്രങ്ങളായിരുന്നു. 60 കളോട് കൂടി ജീവിതത്തിന്റെ അവസാനമായെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നും മടിച്ചിരിക്കുന്ന കാലത്താണ് തെല്‍മ ശരിക്കും ജീവിതം ആസ്വദിച്ചത്.

ജീവിതം ശരിക്കും ആരംഭിക്കുന്നത് 60 കള്‍ക്ക് ശേഷമാണ്, കാരണം നിങ്ങളുടെ മക്കള്‍ വീട് വിട്ട് പോകും. ചിലപ്പോള്‍ ശരീരത്തിലെ സെല്ലുകള്‍ നശിച്ചെന്നിരിക്കും പക്ഷേ നിങ്ങളുടെ ബുദ്ധി അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാകും.’ തെല്‍മ പറയുന്നു 1990 കളില്‍ സസ്‌കത്‌ചെവാനിലെ പാടങ്ങളിലെ തൊഴിലാളികളായ സ്ത്രീകളുടെ ജീവിതം തെല്‍മ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കുടുംബത്തിനും ഇവിടുത്തെ പാടങ്ങളിലുമായി കഴിച്ചുകൂട്ടിയ പെണ്‍ ജീവിതങ്ങള്‍.

തന്റെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ചിത്രങ്ങളില്‍ തെല്‍മക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ ചിത്രമാണ്.

‘ഇതാണ് ആ സ്ത്രീയുടെ മുഖത്തെ ഭാവം. ഓരോ തവണ കാണുമ്പോഴും വ്യത്യസ്തമായി തോന്നും. ജീവിതത്തിന്റെ കയ്‌പേറിയ യാഥാര്‍ഥ്യങ്ങളും അതിജീവിച്ച യുദ്ധത്തിന്റെ ഓര്‍മ്മകളുമെല്ലാം ആ കണ്ണുകളില്‍ കാണാന്‍ കഴിയും’ തെല്‍മ പറയുന്നു. കുടുംബങ്ങളിലെ ജോലി ഭാരം മുഴുവന്‍ ചുമലിലേറ്റുന്നവരാണ് സ്ത്രീകള്‍.

പിന്നീട് കിട്ടുന്ന ഒഴിവു സമയങ്ങളില്‍ തലയണക്കവറും, പൂക്കൂട നിര്‍മാണവുമൊക്കെയായിരിക്കും പ്രധാന പരിപാടി. പക്ഷേ അങ്ങനെ കണ്ടെത്തുന്ന ഓരോ സര്‍ഗ്ഗാത്മക വാസനയും തിരിച്ചറിയണം. അങ്ങനെ ജീവിതത്തെ ആസ്വാദ്യകരമാക്കാന്‍ നമുക്ക് കഴിയണമെന്നുമാണ് തെല്‍മക്ക് പറയാനുള്ളത്.

Exit mobile version