നടുവേദനയ്ക്ക് ബീജം കുത്തിവച്ച് സ്വയം ചികിത്സ; വിചിത്ര ചികിത്സ നടത്തിയ യുവാവിന് സംഭവിച്ചത്

ഡബ്ലിന്‍: വിട്ടുമാറാത്ത നടുവേദനയ്ക്ക് സ്വയം ചികിത്സ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. സ്വന്തം ബീജം ശരീരത്തില്‍ കുത്തിവെയ്ക്കുകയാണ് ഇയാള്‍ ചെയ്തത്.

ഡബ്ലിനിലെ മുപ്പത്തിമൂന്നുകാരനായ യുവാവാണ് വിചിത്ര പരീക്ഷണം നടത്തിയത്. വര്‍ഷങ്ങളായി അലട്ടുന്ന നടുവേദനയ്ക്ക് മൃഗങ്ങളിലും മറ്റും പരീക്ഷിച്ച് വിജയിച്ച് ഈ രീതിയാണ് ഇയാള്‍ സ്വന്തം ശരീരത്തിലും നടത്തിയത്. ഇതിനായി സിറിഞ്ചും സൂചിയുമെല്ലാം യുവാവ് ഓണ്‍ലൈനായി വാങ്ങി. വൈകാതെ ചികില്‍സയും തുടങ്ങി.

ഏതാണ്ട് 18 മാസത്തോളം ഇത് തുടര്‍ന്നു. ഓരോ മാസവും ഓരോ ഡോസ് വീതം എന്ന രീതിയിലായിരുന്നു സ്വയം ചികില്‍സ. എന്നാല്‍ 18 മാസം പൂര്‍ത്തിയായപ്പോഴേക്കും കൈപ്പത്തി വീര്‍ത്തുവന്നു. നടുവേദനയും കൂടി. ഇതോടെയാണ് ആശുപത്രിയില്‍ പോകാമെന്ന തീരുമാനത്തില്‍ ഇയാളെത്തിയത്. ഡോക്ടര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വിചിത്രമായ ചികില്‍സയെക്കുറിച്ച് യുവാവ് പറയുന്നത്.

കുത്തിവെച്ച ബീജം ശരീരകലകളിലേക്കിറങ്ങി, അവിടവിടെയായി വായു കുരുങ്ങിയിരുന്നതിനാലാണ് കൈപ്പത്തി വീര്‍ത്തത്. എക്‌സറേയിലൂടെ കണ്ടെത്തി ഇതിന് മരുന്നും ഡോക്ടര്‍ നല്‍കി. എലികളിലും മുയലുകളിലുമെല്ലാം ഗവേഷണത്തിന്റെ ഭാഗമായി ബീജം കുത്തിവയ്ക്കാറുണ്ടെന്നും എന്നാല്‍ ഇത് മനുഷ്യരില്‍ ചെയ്യാറില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മനുഷ്യരില്‍ ഏറെ അപകടം പിടിച്ച രീതിയാണിതെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്റ്റിനില്‍ സമാനമായ രീതിയില്‍ സ്വയം ചികിത്സ നടത്തിയ ബയോടെക്ക് എഞ്ചിനീയര്‍ മരിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചിലയിനം പച്ചമരുന്നുകളാണ് ഇയാള്‍ ഓസ്റ്റിനില്‍ നടന്ന ഒരു സമ്മേളനത്തിനിടെ സ്വന്തം ശരീരത്തില്‍ കുത്തിവച്ച് കാണിച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version