നടുവേദന നിങ്ങളെ അലട്ടുന്നുണ്ടോ? ഈ ശീലങ്ങള്‍ മാറ്റിയാല്‍ അവ ഒഴിവാക്കാം

വേദനസംഹാരികള്‍ വാങ്ങിക്കഴിച്ച് സ്വയംചികിത്സ നടത്താതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്

ജീവിതശൈലീ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പലര്‍ക്കും ഇന്ന് നടുവേദന ഉണ്ടാകുന്നത്. വേദനസംഹാരികള്‍ വാങ്ങിക്കഴിച്ച് സ്വയംചികിത്സ നടത്താതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. നമ്മുടെ നിത്യ ജീവിതത്തിലെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ നടുവേദന ഒരുപരിധി വരെ ഒഴിവാക്കാനാകും.

അധിക നേരം ഇരുന്ന് ജോലി ചെയ്യരുത്…

കമ്പ്യൂട്ടറിന്റെ മുന്നില്‍ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് നടുവേദന പ്രധാനമായി വരാറുള്ളത്. ഒറ്റയിരുപ്പിരുന്നാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയുന്ന എന്‍സൈമുകളില്‍ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്‌ട്രോള്‍ ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരുന്നാല്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഡയബറ്റിസ് സാധ്യത കൂടുകയും ചെയ്യുന്നു.

ഭാരമുള്ള സാധനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക…

ഭാരമുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുമ്പോള്‍ നട്ടെല്ലിനു ആയാസം നല്‍കിക്കൊണ്ടാണ് ചെയ്യുന്നത്. എന്നാല്‍ നട്ടെല്ലിന് ഊന്നല്‍ നല്‍കാതെ ഭാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഭാരം എടുക്കുമ്പോഴോ അതിനു ശേഷമോ ചെറിയ നടുവേദന എങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമായി അവഗണിക്കരുത്.

ലാപ് ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക…

ലാപ് ടോപ് ഉപയോഗിക്കുമ്പോള്‍ മിക്കവരും അത് മടിയില്‍ വെച്ച് തല കുമ്പിട്ടു കഴുത്തും നട്ടെല്ലും വളച്ചു വച്ചാണ് ഉപയോഗിക്കാറുള്ളത്. ഫോണ്‍ നെഞ്ചുയരത്തില്‍ വെച്ച് കഴുത്തു വളച്ചു ഫോണിലേക്ക് നോക്കുന്നതാണ് പലരുടെയും ശീലം. ഇതെല്ലാം നടുവിന് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കും. അധികനേരം ഈ ഇരുപ്പു തുടരുന്നത് രക്തചക്രമണത്തെ ബാധിക്കും. നട്ടെല്ലിനോടു ചേര്‍ന്നു നില്‍ക്കുന്ന മസ്സിലുകളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തുന്നതില്‍ കുറവു സംഭവിക്കാമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.

കോളറോ ബാന്‍ഡോ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക…

കഴുത്തിനും നടുവിനും വേദന വന്നാല്‍ ഇന്ന് മിക്കവരും ചെയ്യുന്നത് മെഡിക്കല്‍ സ്റ്റോറില്‍ പോയി കോളറോ ബാന്‍ഡോ വാങ്ങി ഉപയോഗിക്കും. പക്ഷേ അത് കൂടുതല്‍ ദോഷം ചെയ്യും. ദീര്‍ഘകാലം ഇവ ഉപയോഗിക്കുന്നത് മാംസപേശികളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കോളറോ ബാന്‍ഡോ ഉപയോഗിക്കാന്‍ പാടുള്ളൂ.

Exit mobile version