വൈറ്റ്ഹൗസിന് നേരെ റോക്കറ്റ് ആക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

അറ്റ്‌ലാന്റ: സ്‌ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച് വൈറ്റ് ഹൗസിന് നേരെ ആക്രമണത്തിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. ജോര്‍ജിയയില്‍ നിന്നുള്ള ഹാഷില്‍ ജലാല്‍ തഹീബ് (21) ആണു പിടിയിലായത്. എഫ്ബിഐ നടത്തിയ അതീവരഹസ്യപദ്ധതിയിലാണ് യുവാവിന്റെ നീക്കം പൊളിഞ്ഞത്. വൈറ്റ് ഹൗസും സ്വാതന്ത്ര്യപ്രതിമയും ആക്രമിക്കാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് എഫ്ബിഐ പറയുന്നു.

യുവാവിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സൂചന ലഭിച്ചപ്പോള്‍ തന്നെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഉദ്യോഗസ്ഥര്‍ സമാന ചിന്താഗതിയുള്ളവരെന്ന് നടിച്ച് ജലാലിന്റെ വിശ്വാസം ആര്‍ജിച്ച് വിവരങ്ങള്‍ മനസ്സിലാക്കി ഒടുവില്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവിനു തന്റെ കാര്‍ വില്‍ക്കാനും ഇയാള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിന്റെ രേഖാചിത്രവും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ഇയാള്‍ എഴുതിവച്ചിരുന്നതും എഫ്ബിഐ കണ്ടെടുത്തു.

Exit mobile version