ഇന്ത്യയും പാകിസ്താനും യുദ്ധത്തെ കുറിച്ച് ചിന്തിക്കാനേ പാടില്ല; സമാധാന ചര്‍ച്ചകളോട് ഇന്ത്യ മുഖം തിരിക്കുന്നു: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: വീണ്ടും ഇന്ത്യയ്‌ക്കെതിരെ കുറ്റപ്പെടുത്തലുകളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന സംഭാഷണത്തിനുള്ള പാകിസ്താന്റെ ക്ഷണങ്ങളെ ഇന്ത്യ അവഗണിക്കുകയാണെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. ഇന്ത്യ ഭയപ്പെടുത്തല്‍ തുടരുകയാണെന്നും അതും സമാധാന സംഭാഷണവും ഒരുമിച്ചുപോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇന്ത്യയോട് ഒരു ചുവട് മുന്നോട്ടുവെക്കാനേ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടു ചുവട് വെക്കാന്‍ ഒരുക്കവുമായിരുന്നു. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും പാകിസ്താന്റെ ക്ഷണത്തോട് ഇന്ത്യ മുഖം തിരിച്ചു’ എന്ന്, പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് വെളിപ്പെടുത്തിയത്.

കാശ്മീര്‍ ജനതയുടെ അവകാശങ്ങളെ എക്കാലവും അടിച്ചമര്‍ത്താന്‍ ഇന്ത്യക്കാവില്ലെന്നും ഇന്ത്യയും പാകിസ്താനും യുദ്ധത്തെ കുറിച്ച് ചിന്തിക്കാനേ പാടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”യുദ്ധത്തെ കുറിച്ച് ഇരുരാജ്യങ്ങളും ചിന്തിക്കുക പോലും അരുത്. ആണവ ശക്തിയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്മഹത്യയ്ക്ക് തുല്യമാണ്. ശീതസമരം പോലും ജനങ്ങള്‍ക്കും മേഖലക്കും തിരിച്ചടിയാവും. പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം ഉഭയകക്ഷി ചര്‍ച്ചയാണ്” ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

2016ലെ പാക് ഭീകരരുടെ അതിര്‍ത്തികടന്നുള്ള ആക്രമണത്തിനും ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിനും ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന സംഭാഷണങ്ങള്‍ നടന്നിട്ടില്ല.

Exit mobile version