ഹമാസുമായി നാല് ദിവസത്തേക്ക് വെടിനിർത്തൽ; 50 ബന്ദികൾക്ക് പകരമായി 150 പാലസ്തീൻ തടവുകാരെ മോചിപ്പിക്കും; ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

ടെൽ അവീവ്: ഗാസയിലെ ഏറ്റുമുട്ടൽ താത്ക്കാലികമായി നിർത്തിവെയ്ക്കാൻ അനുമതി നൽകി ഇസ്രയേൽ മന്ത്രിസഭ. കരാർ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിർത്തലുണ്ടാവും. ഈ സമയത്തിനുള്ളിൽ 50 ബന്ദികളെ വിട്ടുകിട്ടുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

തുടർന്നുള്ള ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിർത്തലുമുണ്ടാവും. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. മുഴുവൻ ബന്ദികളേയും തിരിച്ചെത്തിക്കും ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കും. ഗാസയിൽനിന്ന് ഇസ്രയേലിന് തുടർ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പോരാട്ടം ഇസ്രയേലും സുരക്ഷാസേനകളും തുടരും എന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

അതേസമയം, മൂന്നുവയസ്സുള്ള കുട്ടിയടക്കമുള്ള മൂന്ന് അമേരിക്കൻ പൗരന്മാരായ ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് പ്രതികരിച്ചു. കൂടുതൽ ബന്ദിമോചനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കരാർ. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതംചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ- ജ്യൂസ് പായ്ക്കറ്റുകള്‍ കുടുക്കി, ഒളിപ്പിച്ച് കടത്തിയ നാല് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

തങ്ങൾ മോചിപ്പിക്കുന്ന 50 പേർക്ക് പകരമായി 150 പലസ്തീൻ തടവുകാരെ ഇസ്രയേൽ വെറുതേവിടുമെന്നാണ് ഹമാസും അറിയിച്ചിരിക്കുന്നത്. കരാർ പ്രകാരം മാനുഷികസഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തുമെന്ന് ഹമാസ് പറയുന്നു. വെടിനിർത്തൽ പ്രാബല്യത്തിലുള്ളപ്പോൾ ഗാസയിലുള്ള ഒരാളേയും ഇസ്രയേൽ അക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടാവില്ല. വെടിനിർത്തൽ സമയത്ത് തെക്കൻഗാസയിൽ ഗതാഗതം പൂർണ്ണമായി നിർത്തിവെക്കാനും വടക്കൻഗാസയിൽ രാവിലെ പത്തുമുതൽ നാലുവരെ ആറുമണിക്കൂർ ഗതാഗതനിയന്ത്രണത്തിനും ഹമാസ് തീരുമാനിച്ചിട്ടുണ്ട്.

Exit mobile version