ഇസ്രയേല്‍ കരയുദ്ധത്തിന്? ഗാസയിലെ ജനങ്ങളോട് 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; 11 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നത് അസാധ്യമെന്ന് യുഎന്‍

ടെല്‍അവീവ്: ഹമാസുമായി ഏറ്റുമുട്ടല്‍ കടുപ്പിക്കാന്‍ ഇസ്രയേല്‍ കരയുദ്ധത്തിനും തയ്യാറെടുക്കുന്നെന്ന് സൂചന. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.

വാഡി ഗാസയുടെ വടക്കുള്ള ആളുകള്‍ ഗാസയുടെ തെക്കോട്ട് മാറണമെന്ന ആവശ്യമാണ് ഇസ്രായേല്‍ ഉന്നയിച്ചിരിക്കുന്നത്. ഗാസ മുനമ്പിന്റെ മധ്യഭാഗത്താണ് വാഡി ഗാസ. അടുത്ത 24 മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ ഒഴിയണമെന്നാണ് ഇസ്യേലിന്റെ ആവശ്യം.

ഗാസയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.1 മില്യണ്‍ ആളുകളെ ഈ നിര്‌ദേശം ബാധിക്കുമെന്നും ഈ ഉത്തരവ് ഇസ്രയേല്‍ റദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി.

ഏറ്റവും വലിയ ജനവാസ കേന്ദ്രമായ ഗാസ സിറ്റിയും ജബലിയ അഭയാര്‍ത്ഥി ക്യാമ്പും ബെയ്ത് ലാഹിയ, ബെയ്ത് ഹനൂന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ-പാലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിട്ടു; ‘ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്’ യുവാവ് കര്‍ണാടകയില്‍ പിടിയില്‍

അതുകൊണ്ട് തന്നെ ഇപ്പോള്‍ തന്നെ ദുരന്തമായിരിക്കുന്ന ഒന്നിനെ സര്‍വ്വനാശത്തിലേക്ക് മാറ്റാന്‍ ഉത്തരവിന് കഴിയുമെന്ന് ഡുജാറിക് പറഞ്ഞു. എല്ലാ യുഎന്‍ ജീവനക്കാര്‍ക്കും, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ യുഎന്‍ സൗകര്യങ്ങളില്‍ അഭയം പ്രാപിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1500 പേരുടെ കൊലപാതകത്തിന് വഴിതെളിച്ച വ്യോമാക്രമണത്തിന് ശേഷം കരയുദ്ധം ആരംഭിക്കുമെന്ന അഭ്യൂഹം ഗാസയെ ഭയത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

Exit mobile version