ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

വാഷിങ്ടണ്‍: ഒരുമാസക്കാലമായി തുടരുന്ന അരക്ഷിതാവസ്ഥ ഗാസയിലെ ജനജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഭൂരിഭാഗം ജനവും ഒരുദിവസം വിശപ്പടക്കുന്നത് രണ്ടുതുണ്ട് റൊട്ടി കഴിച്ചാണെന്ന് യുഎന്നിന്റെ പലസ്തീനിലെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ പറയുന്നു. അതും യുഎന്നിന്റെയടക്കം സന്നദ്ധസംഘടനകള്‍ എത്തിച്ചുനല്‍കുന്നതാണ്. കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

കടല്‍വെള്ള ശുദ്ധീകരണപ്ലാന്റുകള്‍ യുദ്ധത്തിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ പൂട്ടിയിരുന്നു. പലയിടത്തും ദാഹജലത്തിനായി ജനങ്ങള്‍ മുറവിളികൂട്ടുകയാണെന്ന് യുഎന്‍ ഏജന്‍സിയുടെ ഗാസയിലെ ഡയറക്ടര്‍ തോമസ് വൈറ്റ് പറഞ്ഞു. ഇസ്രയേലില്‍നിന്നുള്ള മൂന്നു പ്രധാന കുടിവെള്ളവിതരണ സംവിധാനത്തില്‍ ഒന്നുമാത്രമാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. സാംക്രമികരോഗ മുന്നറിയിപ്പിനിടയിലും മലിനജലമടക്കം പലരും കുടിക്കുന്നു. ഉപ്പുകലര്‍ന്ന ഭൂഗര്‍ഭജലം ഊറ്റിക്കുടിക്കുന്നവരുമുണ്ട്.

ഗാസയില്‍ 89 ബേക്കറികളാണ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമാത്രമാണ് 17 ലക്ഷം വരുന്ന ജനതയ്ക്ക് ഒരുനേരത്തേയെങ്കിലും വിശപ്പടക്കാനുള്ള ഏകആശ്രയം. അതേസമയം, ഗാസയ്ക്ക് ഇന്ധനമടക്കമെത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎന്‍ മനുഷ്യാവകാശസംഘടനാ തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത് പറഞ്ഞു.

Exit mobile version