ലോക കുതിരയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലപ്പുറത്തുകാരി നിദ

പാരിസ്: ലോക കുതിരയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലപ്പുറം സ്വദേശി നിദ അന്‍ജും ചേലാട്ട്. ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് ഇക്വസ്ട്രിയന്‍ എന്‍ഡുറന്‍സ് പോരാട്ടത്തിലാണ് തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശിയായ നിദ ചരിത്രനേട്ടം സ്വന്തമാക്കിയത്.

വെല്ലുവിളികള്‍ നിറഞ്ഞ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിദയുടെ വിജയം. ചാമ്പ്യന്‍ഷിപ്പിലെ ദൂരമായ 120 കിലോമീറ്റര്‍ പിന്നിട്ട നിദ ഈ ദൂരം താണ്ടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് സ്വന്തമാക്കിയത്.

ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തിലാണ് പോരാട്ടം അരങ്ങേറിയത്. ദുര്‍ഘടമായ വഴികള്‍ കുതിരപ്പുറത്തു താണ്ടി നിദ ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയായി ഇതോടെ മാറി.

7.29 മണിക്കൂര്‍ കൊണ്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത 21 കാരി നിദയും എപ്‌സിലോണ്‍ സലോ എന്നു പേരിട്ട കുതിരയും 120 കിലോമീറ്റര്‍ ദൂരം താണ്ടിയത്. 16.7 കിലോമീറ്റര്‍ വേഗമാണ് നിദ മത്സരത്തില്‍ നിലനിര്‍ത്തിയത്.

മത്സര പാതയില്‍ കുതിരയ്ക്ക് ഒരു പരിക്കും ഏല്‍ക്കാന്‍ പാടില്ല. അത്രയും ശ്രദ്ധയോടെ റൈഡര്‍ ദൂരം താണ്ടണം. നാല് ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്. ഓരോ ഘട്ടം കഴിയുമ്പോഴും മൃഗ പരിപാലന വിദഗ്ധര്‍ കുതിരകളുടെ ആരോഗ്യ, കായിക ക്ഷമത പരിശോധിക്കും. കുതിരയുടെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും മത്സരത്തില്‍ നിന്നു പുറത്താകും.

ഇന്ത്യയടക്കം 25 രാജ്യങ്ങളിലെ 70 താരങ്ങളാണ് നിദയ്‌ക്കൊപ്പം മത്സരത്തില്‍ പങ്കെടുത്തത്. 33 കുതിരകള്‍ കായിക ക്ഷമതയില്‍ പരാജയപ്പെട്ടു പുറത്തായി. നിദ ആദ്യ ഘട്ടത്തില്‍ 23ാം സ്ഥാനത്തും രണ്ടാം ഘട്ടത്തില്‍ 26ലും മൂന്നാം വട്ടം 24ാം സ്ഥാനത്തും ഫൈനല്‍ ഘട്ടത്തില്‍ 21ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ യുഎഇ താരങ്ങള്‍ സ്വന്തമാക്കി. ടീം ഇനത്തില്‍ ഫ്രാന്‍സും ബഹ്‌റൈനുമാണ് വിജയിച്ചത്.

Exit mobile version