സ്നേഹവും ബഹുമാനവും തുടരും: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു; 18 വര്‍ഷത്തെ ദാമ്പത്യത്തിന് വിട

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയ ഗ്രിഗറിയും വേര്‍പിരിഞ്ഞു. ജസ്റ്റിന്‍ ട്രൂഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹമോചന വാര്‍ത്ത പങ്കുവച്ചത്. 18 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.

‘ഏറെ അര്‍ഥപൂര്‍ണവും കഠിനവുമായ നിരവധി സംഭാഷണങ്ങള്‍ക്കു ശേഷം പിരിയുക എന്ന കൂട്ടായ തീരുമാനത്തിലേക്ക് ഞങ്ങളെത്തി. എന്നാല്‍ എപ്പോഴത്തേയും പോലെ തന്നെ ഞങ്ങള്‍ പങ്കിടുന്ന പരസ്പര സ്നേഹവും ബഹുമാനവും അങ്ങനെ തന്നെ തുടരും. മക്കളുടെ നല്ലതിനുവേണ്ടി ഞങ്ങളുടെ സ്വകാര്യത മാനിക്കണം.- ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു. ഇരുവരും നിയമപരമായി വിവാഹമോചനം നേടാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയും (48) ജസ്റ്റിന്‍ ട്രൂഡോയും (51) 2005ല്‍ ആണ് വിവാഹിതരായത്. സേവ്യര്‍, എല്ല ഗ്രേസ്, ഹാദ്രിയന്‍ എന്നീ മൂന്നു മക്കളുണ്ട്. അടുത്തിടെയായി ഇരുവരും പൊതുവേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാത്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മാതൃകാദമ്പതികളെന്ന് പേരുകേട്ട ഇരുവരുടേയും ദാമ്പത്യജീവിതം തകര്‍ന്നതിന്റെ ഞെട്ടലിലാണ് കനേഡിയയിലെ ജനങ്ങള്‍.

Exit mobile version