ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ അനാവശ്യ പ്രസ്താവന; കർഷക സമരത്തെ പിന്തുണച്ച കാനഡയെ തിരുത്തി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്രസർക്കാരിനോട് തിരിത്തൽ ആവശ്യപ്പെടുകയും ചെയ്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് ഇന്ത്യ. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയാണ് ട്രൂഡോ പ്രസ്താവന നടത്തിയതെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‘ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയില്ലാതെയുള്ള ചില പ്രസ്താവനകൾ കനേഡിയൻ നേതാക്കൾ ഉന്നയിച്ചതായി കണ്ടു. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലത്’- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയിൽ നിന്നും പുറത്തുവരുന്ന കർഷക പ്രതിഷേധത്തെകുറിച്ചുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുകയെന്നുമുള്ള ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി. കർഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശനേതാവാണ് ട്രൂഡോ.

Exit mobile version